തിരുവനന്തപുരം: കേരള ലോ അക്കാദമി വിഷയത്തിൽ പക്വതയോടെയും യാഥാർത്ഥ്യബോധത്തോടെയുമുള്ള സമീപനം എല്ലാവരിൽ നിന്നും ഉണ്ടാവണമെന്ന് ഇ.പി.ജയരാജന്‍. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. ഇതുമായി ബന്ധപ്പെട്ട്‌ സർക്കാരിന്റെയും മുന്നണിയുടെയും നിലപാട് ഓരോ ഘടകകക്ഷിയും ഓരോ മന്ത്രിയും നിശ്ചയിക്കുന്ന നില വരരുതെന്നും അദ്ദേഹം പറഞ്ഞു.

കിട്ടുന്ന പരാതികളും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളും സ്വന്തം നിലയിൽ മുന്നോട്ട് കൊണ്ടു പോകുന്നതും ഓരോരുത്തരും അവരവരുടെ ഇഷ്ടപ്രകാരം അന്വേഷണ ഉത്തരവിടുന്നതും ഉചിതമാകില്ല. വിദ്യാഭ്യാസം, റവന്യൂ, നിയമം, പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമം, കായികം, ഐടി എന്നിങ്ങനെ ഒട്ടനവധി വകുപ്പുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു വിഷയത്തിൽ ഓരോ വകുപ്പ് മന്ത്രിയും പ്രത്യേകം പ്രത്യേകം അന്വേഷണ ഉത്തരവിട്ടാൽ സ്ഥിതിയെന്താകുമെന്നും അദ്ദേഹം ചോദിച്ചു.

മുന്നണി ഭരണം എന്ന നിലയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ പൊതുവിഷയങ്ങളിൽ മുഖ്യമന്ത്രിയാണ് നിലപാടെടുക്കുന്നത്. അതു കൊണ്ട് തന്നെ റവന്യൂ വകുപ്പിന് മാത്രമായി ലോ അക്കാദമി വിഷയം എങ്ങിനെ പരിഹരിക്കാനാവും എന്ന ചോദ്യമുയരുന്നു. വ്യത്യസ്ത വകുപ്പുകളും വിഷയങ്ങളും ഉൾപ്പെട്ട പ്രശ്നങ്ങളിലെ കൂട്ടായ നിലപാട് മുഖ്യമന്ത്രിയിലൂടെയാണ് പുറത്ത് വരേണ്ടതെന്നും അദ്ദേഹം ഫെയസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

രാഷ്ട്രീയവും കക്ഷ്യധിഷ്ഠിതവുമായ പരിഗണനകൾ സർക്കാറിന്റെ പൊതുനിലപാടിനെയും മുന്നണിയുടെ ഐക്യത്തെയും ബാധിക്കാതിരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. മുന്നണിയിൽ ചർച്ച ചെയ്ത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം വിദ്യാർത്ഥി സമരം പരിഹരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച് മുന്നോട്ട് പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഗുണകരമാകില്ല.

പക്വതയോടെയും പാകതയോടെയും മുന്നണി മര്യാദ അനുസരിച്ചും പ്രവർത്തിക്കുവാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ബാഹ്യശക്തികളുടെ പ്രേരണയ്ക്ക് വിധേയമായി കാര്യങ്ങൾ നിശ്ചയിക്കുന്നത് ഭാവിയെ സാരമായി ബാധിക്കും. എൽ.ഡി.എഫിൽ ജനങ്ങളുടെ വിശ്വാസ്യത വർധിച്ചു വരുന്ന ഘട്ടത്തിൽ അതിനെ ദുർബലപ്പെടുത്തുന്ന സമീപനങ്ങൾ ഏത് ഭാഗത്ത് നിന്നുണ്ടായാലും ജനങ്ങൾ ക്ഷമിക്കില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ