തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ സന്നദ്ധത അറിയിച്ചതായി സൂചന. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്. സാമ്പത്തിക ആരോപണത്തെ തുടർന്നാണ് ഈ നടപടിയെന്നും സൂചനയുണ്ട്. പാർട്ടി പദവികൾ ഒഴിയാനും സന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്.
പദവികളിൽ തുടരുന്നതിൽ തനിക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് ഇ.പി നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകൾ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനുപിന്നാലെയാണ് ഇ.പിക്കെതിരെ സാമ്പത്തിക ആരോപണം ഉയർന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും പാർട്ടി പദവികൾ ഒഴിയാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
തനിക്കെതിരായ പാർട്ടി നീക്കത്തിൽ ഇ.പി.ജയരാജൻ കടുത്ത അതൃപ്തിയിലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ.പി പങ്കെടുത്തേക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ.പിക്കെതിരായ സാമ്പത്തിക ആരോപണം ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം, ഇ.പിക്കെതിരായ സാമ്പത്തിക ആരോപണത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാനാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നീക്കം.
അതിനിടെ, ജയരാജനെതിരായ സാമ്പത്തിക ആരോപണം പിബി പരിശോധിച്ചേക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാന ഘടകം വിഷയം ഉന്നയിച്ചാൽ വിഷയം ചർച്ച ചെയ്യാനാണ് സാധ്യത. ഇ.പി കേന്ദ്ര കമ്മിറ്റി അംഗമായതിനാല് പിബി പരിശോധന അനിവാര്യമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.
ഇ.പി.ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. പി.ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് സാധ്യത. പി.ജയരാജനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.