തിരുവനന്തപുരം: പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ തെറ്റില്ലെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും സര്‍ക്കാര്‍ പരിഗണിക്കും. ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കുന്നത്  പോലെ തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരുമെന്നും ജയരാജന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്തുമാത്രമല്ല, എ.കെ. ആന്റണിയുടെ ഭരണകാലത്തും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്‌സൈസ് മന്ത്രി കെ.വി. തോമസാണ് ഇതിന് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ അവര്‍ രണ്ടു പേരുമാണ് മറുപടി പറയേണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ഡിസ്റ്റിലറിക്ക് അനുമതി തേടിയത്. കേരളത്തിലെ വെള്ളത്തില്‍ നിര്‍മ്മിച്ച മദ്യത്തിനാണ് ഡിമാന്‍ഡ് കൂടുതല്‍. അതിനാല്‍ കേരളത്തില്‍ യൂണിറ്റ് ആരംഭിച്ചാല്‍ കൂടുതല്‍ മദ്യം കയറ്റുമതി ചെയ്യാനാകുമെന്നും ജയരാജന്‍ പറഞ്ഞു. ശ്രീചക്രാ ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയതില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.