തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ കേരളത്തിന്റെ വ്യവസായ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌ഭവനിൽ ലളിതമായ ചടങ്ങിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയ്ക്കും മുൻപ് രാജിവച്ച ജയരാജൻ ശക്തനായാണ് മന്ത്രിപദത്തിലേക്ക് തിരികെയെത്തുന്നത്.

2016 ഒക്ടോബർ 14നായിരുന്നു ജയരാജൻ ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവച്ചത്. ഈ സമയത്ത് കൈകാര്യം ചെയ്ത യുവജനക്ഷേമം, കായികം എന്നീ വകുപ്പുകൾ ജയരാജന് തിരികെ കിട്ടും. രാജിവച്ച് ഒരു വർഷവും പത്ത് മാസവും പിന്നിട്ട ശേഷമാണ് പിണറായി സർക്കാരിലേക്ക് ഇ.പി.ജയരാജൻ തിരികെ വരുന്നത്. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു.

ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഇ.പി.ജയരാജൻ മന്ത്രിയാകുന്നതിന് സമ്മതം ലഭിച്ചത്. സിപിഐയോ മറ്റ് ഘടകക്ഷികളോ ഇന്നലെ നടന്ന എൽഡിഎഫ് യോഗത്തിൽ ജയരാജന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി എതിർപ്പുന്നയിച്ചില്ല.

കാബിനറ്റ് പദവിയോടെ സിപിഐക്ക് ചീഫ് വിപ്പ് സ്ഥാനം നൽകും. ഇ.പി.ജയരാജനെ തിരികെ മന്ത്രിസഭയിലേക്ക് എടുക്കുന്നതിൽ ധാർമ്മികതയില്ലെന്നാണ് പ്രതിപക്ഷം ആരോപിച്ചിരിക്കുന്നത്. ഈ മാസം 19 ന് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. ഈ സമയത്ത് മുഖ്യമന്ത്രിയുടെ പകരം ചുമതല ഇ.പി.ജയരാജന് ലഭിച്ചേക്കും.

നിലവിൽ മന്ത്രി കെ.കെ.ഷൈലജ ഉപയോഗിച്ചിരുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ ഓഫീസ് ജയരാജന് ലഭിക്കും. ഷൈലജയുടെ ഓഫീസ് സെക്രട്ടറിയേറ്റ് അനക്സ് ടൂവിലേക്ക് മാറും. മുഖ്യമന്ത്രിയുടെ ഓഫീസുള്ള സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ നിന്ന് മന്ത്രിമാരുടെ ഓഫീസ് മാറ്റി. എ.സി.മൊയ്തീന്റെ ഓഫീസ് അനക്സ് വണ്ണിലേക്ക് മാറ്റും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ