കണ്ണൂര്‍: വെളുത്ത അക്ഷരത്തില്‍ കറുത്ത ബോര്‍ഡില്‍ നിറഞ്ഞമനസോടെ അവരെഴുതി, ‘ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ’…
ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ: സ്കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകളാണിത്. മന്ത്രി ഇപി ജയരാജനാണ് ഫെയ്സ്ബുക്കിലൂടെ ഈ വാക്കുകള്‍ കേരള ജനതയ്ക്കായി പങ്കുവെച്ചത്.
ഇവിടെ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന് സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്.
Read More: ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒരു മാസത്തെ ശമ്പളം നൽകും
‘ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ: സ്കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകളാണിത്. ഇവിടെ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന് സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. പ്രളയം അവര്‍ക്ക് ഒരു പുതിയ കാര്യമല്ല.എന്നാല്‍ ഇത്തരം ക്യാമ്പുകള്‍ അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. പായ, ഭക്ഷണം, വസ്ത്രം, ഡോക്ടര്‍മാരുടെ സേവനം, പിന്നെ ഒട്ടും പരിചയമില്ലാത്തവരുടെ കരുതലും സ്നേഹവും. അധ്യാപകര്‍, യുവജന പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ലഭിച്ച സേവനം അവര്‍ക്ക് വിലമതിക്കാനാകാത്തതാണ്. നാല് ദിവസത്തെ ദുരിതാശ്വാസക്യാമ്പില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകള്‍’ എന്നായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മഴക്കെടുതില്‍ കേരളത്തില്‍ ഇതുവരെ 104 പേരാണ് മരിച്ചത്. അതേസമയം, കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് മാനദണ്ഡമനുസരിച്ച് അടിയന്തര ധനസഹായമായി 10,000 രൂപ നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട് ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ദുരന്ത നിവാരണ ചട്ടങ്ങളും മാനദണ്ഡങ്ങളും പ്രകാരം സഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Also Read: ലിനുവിന്റെ കുടുംബത്തിന് കൈതാങ്ങായി മോഹൻലാലും, വീട് നിർമ്മിച്ച് നൽകും
കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളെ ചട്ടപ്രകാരം പ്രളയ ബാധിത മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കും, വാസയോഗ്യമല്ലാത്ത രീതിയില്‍ നശിച്ച വീടുകള്‍ക്കും പുതിയ വീടിനായി നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായം. ആറ് ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനായാണ് അനുവദിക്കുക. മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടക്കം ദുരിത ബാധിത മേഖലയില്‍ ഉള്ളവര്‍ക്ക് 15 കിലോ അരി സൗജന്യമായി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.