തിരുവനന്തപുരം: കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ വിമർശനവുമായി ഇ.പി.ജയരാജൻ. കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമാണ്. ഈ സമീപനമെങ്കിൽ കർണാടകയിൽ അധികനാൾ ഭരിക്കില്ല. ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയിൽ വിലയിരുത്താൻ കഴിയാത്ത ദുർബലമായ പാർട്ടിയായി കോൺഗ്രസ് മാറി. ബിജെപിയുടെ ഫാഷിസ്റ്റ് ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ഇന്ത്യൻ ജനതയെ യോജിപ്പിക്കുക എന്ന ദൗത്യമാണ് സിപിഎമ്മിന് മുന്നിലുള്ളതെന്നും ജയരാജൻ പറഞ്ഞു.
കർണാടക സത്യപ്രതിജ്ഞയ്ക്കു കേരള– തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതാണ് വിവാദമായത്. മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതിലൂടെ കോൺഗ്രസ് സങ്കുചിത രാഷ്ട്രീയമാണു കളിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഈ നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, പിണറായി വിജയനെ ചടങ്ങിൽ ക്ഷണിക്കാത്തതിനു വിശദീകരണവുമായി കെ.സി.വേണുഗോപാൽ രംഗത്തെത്തി. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ശനിയാഴ്ച ബെംഗളുരുവിൽ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ബിജെപി ഇതര പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുചേരലിനും സത്യപ്രതിജ്ഞ ചടങ്ങ് സാക്ഷ്യം വഹിക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കൂമാര്‍ എന്നിവര്‍ ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.