തിരുവനന്തപുരം: നമ്പി നാരായണനെതിരായ ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇപി ജയരാജനും കെ.ബി. ഗണേഷ് കുമാര്‍ എംഎൽഎയും രംഗത്ത്. ആരെ കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് സെന്‍കുമാറിനെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. അതേസമയം സെൻകുമാർ കേരളത്തിന്റെ ഡിജിപി ആയിരുന്നുവെന്നതിൽ ദു:ഖിക്കുന്നതായി ഇപി ജയരാജൻ പറഞ്ഞു.

നമ്പി നാരായണനെതിരായ സെൻകുമാറിന്റെ വാക്കുകൾ അപലപനീയമാണെന്ന് ഇപി പറഞ്ഞു. മോഹിച്ച അവാർഡ് തനിക്ക് കിട്ടാതെ പോയത് കൊണ്ടാണ് സെൻകുമാർ നമ്പി നാരായണനെതിരെ വീണ്ടും രംഗത്ത് വന്നതെന്ന് പറഞ്ഞത്. സെൻകുമാർ സംസ്ഥാനത്തിന്റെ ഡിജിപി ആയതിൽ ദു:ഖിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായെന്നാണ് ഗണേഷ് കുമാർ പ്രതികരിച്ചത്. ആരെ കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് സെന്‍കുമാറിനെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

നമ്പിനാരായണനെതിരായ ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയാണെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചിരുന്നു. ഗോവിന്ദചാമിയോടും മറിയം റഷീദയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണനെന്നും എകെ ബാലന്‍ പറഞ്ഞിരുന്നു.

നമ്പി നാരായണനെ പത്മഭൂഷണ്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്തത് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖറാണ്. അതിനാൽ തന്നെ സെൻകുമാർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള പറഞ്ഞത്.

നമ്പി നാരായണനെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നമ്പി നാരായണന്‍ അര്‍ഹനല്ലെന്നും നമ്പി നാരായണന്‍ ഐഎസ്ആർഒ യ്ക്ക് നല്‍കിയ സംഭാവന എന്താണെന്നുമാണ് സെൻകുമാർ ചോദിച്ചത്. ഇക്കാര്യം അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നായിരുന്നു സെന്‍കുമാര്‍ ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.