scorecardresearch

അയ്യപ്പന്റെ സഹായമുണ്ട്; ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കും: ഇ.പി.ജയരാജന്‍

ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ ‘പൂതന’ പരാമര്‍ശത്തെയും ജയരാജന്‍ ന്യായീകരിച്ചു

അയ്യപ്പന്റെ സഹായമുണ്ട്; ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കും: ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ഗുണം ചെയ്യുമെന്നു മന്ത്രി ഇ.പി.ജയരാജന്‍. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരട് വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കിയതു പോലെയാണു ശബരിമല വിധിയുമെന്നു മന്ത്രി പറഞ്ഞു. കോടതി വിധികള്‍ നടപ്പിലാക്കേണ്ടേ എന്നും മന്ത്രി ചോദിച്ചു.

ശബരിമല വിധി നടപ്പിലാക്കിയതിനെ കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. ശബരിമല വിഷയവും തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമായാല്‍ അത് ഇടതുപക്ഷത്തിന് അനുകൂലമായിരിക്കും. അയ്യപ്പന്‍ സഹായം ഇടതു മുന്നണിക്കുണ്ട്. ഉപതിരഞ്ഞെടുപ്പിലും അതുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ ‘പൂതന’ പരാമര്‍ശത്തെയും ജയരാജന്‍ ന്യായീകരിച്ചു. മലയാള ഭാഷയില്‍ ഇല്ലാത്ത കാര്യങ്ങളൊന്നും സുധാകരന്‍ പറഞ്ഞിട്ടില്ല. സുധാകരന്‍ പറഞ്ഞതുമാത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Read Also: ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രധാനമല്ല: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല വിഷയം പ്രചാരണ ആയുധമാക്കില്ലെന്നാണ് സിപിഎം നിലപാട്. ഇതിനിടയിലാണ് മന്ത്രി ഇ.പി.ജയരാജന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

അതേസമയം, ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.  ബിജെപി ശബരിമല വിഷയത്തെ സുവര്‍ണാവസരമായി കാണുക മാത്രമാണ് ചെയ്തതെന്നും യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2021 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ശബരിമല വിധിയിൽ നിയമനിർമ്മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല നേരത്തെയും പറഞ്ഞിരുന്നു. 2021 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുക ശബരിമലയിലെ യുവതീ പ്രവേശനം തടയാനുള്ള നിയമനിർമാണമായിരിക്കുമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. കോന്നിയിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ തീര്‍ച്ചയായും നിയമനിര്‍മ്മാണം നടത്തും. യുവതീ പ്രവേശന വിധിക്കെതിരെ നിയമനിർമാണം നടത്തുമെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയായിരിക്കും നിയമനിര്‍മ്മാണം നടത്തുകയെന്നു ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിയമനിർമാണം നടത്താന്‍ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചെന്നിത്തല വെല്ലുവിളിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ep jayarajan about sabarimala issue by election 2019