കൊച്ചി: മൂന്നാറിൽ  പാരിസ്ഥിതിക ദുരന്തം സംഭവിക്കാനുളള സാധ്യതകളുടെ  സൂചന നല്‍കി ജിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. മൂന്നാറിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും കൈയേറ്റവും അപകടമുണ്ടാക്കുന്നുവെന്ന പരാതികളുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് കൈയേറ്റമൊഴിപ്പിക്കലും അനധികൃത നിർമ്മാണങ്ങളും തടയാനുളള നടപടികളുമായി മുന്നോട്ട് പോയിരുന്നു. എന്നാൽ പാപ്പത്തി മലയിലെ കുരിശ് നീക്കം ചെയ്യൽ വിവാദമായതോടെ എല്ലാ നടപടികളും നിലയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനം പുറത്തുവരുന്നത്.

പള്ളിവാസലില്‍ പാറ അടര്‍ന്നു വീണ പ്രദേശത്തു ജിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്‌ധർ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തലുകളുള്ളത്. പള്ളിവാസല്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പാറകള്‍ ദുര്‍ബലാവസ്ഥയിലുള്ളവയാണെന്നും ഇത്തരം പാറകള്‍ ഇനിയും അടര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം മറികടക്കാൻ വേണ്ടുന്ന ശുപാർശകളും റിപ്പോർട്ടിലുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാലിനാണ് അതീവ പരിസ്ഥിതിലോല പ്രദേശമായ പള്ളിവാസല്‍ ടണലിനു സമീപം 2000 അടി ഉയരത്തില്‍ നിന്ന് പാറവീണ് മൂന്ന് വാഹനങ്ങള്‍ തകര്‍ന്നത്. വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവര്‍മാര്‍ അത്ഭുതകരമായാണ് അപകടത്തിൽ നിന്നു രക്ഷപെട്ടത്.

പള്ളിവാസല്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന ടണലുകള്‍ക്ക് മുകളില്‍ നിന്നാണ് കൂറ്റന്‍പാറ താഴേയ്ക്കു പതിച്ചത്. മുകളില്‍ നിന്നു വീണ പാറ വാഹനങ്ങള്‍ തകര്‍ത്ത ശേഷം റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തിയും തകര്‍ത്ത ശേഷം റിസോര്‍ട്ടിനു താഴെയായി നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിലും മരത്തിലും ഇടിച്ചാണ് നിന്നത്. അപകടമുണ്ടായ പാറ വീണതിനു നൂറുമീറ്റര്‍ താഴെയായി തേയിലത്തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളാണുള്ളതെങ്കിലും പാറ തഴേയ്ക്കു പതിക്കാതെ തട്ടി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. പാറവീണതിനെത്തുടര്‍ന്ന് ഈ ഭാഗത്തുകൂടി കടന്നുപോയിരുന്ന റോഡും തകര്‍ന്നിരുന്നു.

munnar, rock accident, munnar resort

മൂന്നാറിൽ പാറവീണ് അപകടമുണ്ടായപ്പോൾ (ഫയൽ ചിത്രം)

പാറ വീണ് അപകടമുണ്ടായ പള്ളിവാസല്‍ മേഖലയില്‍ വീണ്ടും പാറകള്‍ അടര്‍ന്നു വീണു ദുരന്തമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അടര്‍ന്നു വീഴാന്‍ സാധ്യതയുള്ള പാറകളില്‍ സ്റ്റീല്‍ റാഡുകള്‍ ഉപയോഗിച്ചുബന്ധിപ്പിക്കണം. കോണ്‍ക്രീറ്റിംഗ് ചെയ്യേണ്ട ഭാഗങ്ങളില്‍ കോണ്‍ക്രീറ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി പാറകള്‍ താഴേയ്ക്ക് അടര്‍ന്നു വീഴുന്ന സാഹചര്യം അടിയന്തരമായി ഒഴിവാക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. പാറവീണ ഏതാനും ചില ഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സര്‍വേ നടത്തിയിട്ടുള്ളത്. ഈ സര്‍വേ ബാക്കി ഭാഗങ്ങളിലും കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പള്ളിവാസല്‍ മേഖലയിലെ പാറകളുടെ അവസ്ഥയെപ്പറ്റിയും പാറ വീഴാനുള്ള സാധ്യതയെപ്പറ്റിയും കൂടുതല്‍ മനസിലാക്കാനാവുകയുള്ളുവെന്നും
റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പള്ളിവാസല്‍ മേഖലയിലുള്‍പ്പടെ പാറക്കൂട്ടങ്ങള്‍ ഉള്ള ഭൂമിയില്‍ നടക്കുന്ന കൈയേറ്റങ്ങള്‍ തടയണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പള്ളിവാസലില്‍ പാറവീണ സംഭവവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അപകടമുണ്ടായതിന് അടുത്ത ദിവസം തന്നെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ മേഖലയില്‍ ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ