കല്‍പ്പറ്റ: കര്‍ണാടക ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ നാലുദിവസമായി തുടരുന്ന കാട്ടുതീ നിയന്ത്രണവിധേയമായില്ല. കേരളത്തില്‍നിന്നുള്ള വനപാലക സംഘത്തിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടു ഫയര്‍ എന്‍ജിനുമായി 21 അംഗ വനപാലകസംഘമാണു കര്‍ണാടക അധികൃതരുടെ ആവശ്യപ്രകാരം ബന്ദിപ്പൂര്‍ വനത്തിലേക്കു പോയത്..
വയനാട് വന്യജീവി സങ്കേതത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായ പുല്‍പ്പള്ളി വണ്ടിക്കടവില്‍നിന്ന് നാലു കിലോ മീറ്റര്‍ അകലെയുള്ള ഗുണ്ട്‌റെ, കവാല്‍പൂര്‍ മേഖലകളിലാണ് തീപടരുന്നത്. ഗുണ്ട്‌റെ റെയ്ഞ്ചില്‍പ്പെട്ട ഈ പ്രദേശങ്ങളിലേക്കു മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ എന്‍ജിനുകളുമായാണു കേരള വനപാലക സംഘം പോയതെന്നു വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് പറഞ്ഞു. വനത്തില്‍ അധികം ദൂരത്തേക്കു ഫയര്‍എന്‍ജിനുകള്‍ക്കു പോകാന്‍ കഴിയാത്തതു തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുന്നുണ്ട്.
അതേസമയം, വയനാടിനോട് ചേര്‍ന്നുതന്നെയുള്ള തമിഴ്‌നാട് മുതുമല വനത്തില്‍ തീ നിയന്ത്രണവിധേയമായതായാണു വിവരം. ഇതു കേരള വനപാലകര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. കടുത്തവേനലില്‍ വനം കരിഞ്ഞുകൊണ്ടിരിക്കെ മഴ ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു വനപാലകര്‍. കാട്ടു തീ കെടുത്താന്‍ പച്ചക്കമ്പുകളും ഫയര്‍ബീറ്ററുകളും ചെറിയ കന്നാസുകളില്‍ നിറച്ചുവച്ച വെള്ളവും മാത്രമാണു വനംവകുപ്പിന്റെ പക്കലുള്ള സംവിധാനമെന്നതാണു വനപാലകരുടെ നെഞ്ചിടിപ്പിനു കാരണം.
Read More: ബന്ദിപ്പൂര്‍ വനം അമ്പത് ശതമാനത്തിലേറെ കത്തി; വയനാടൻ കാടുകളിൽ ആനക്കൂട്ടം
ബന്ദിപ്പൂര്‍ വനത്തില്‍ കേരള അതിര്‍ത്തിയോടു ചേര്‍ന്നു പടരുന്ന തീ ഏതു നിമിഷവും വയനാട്ടിലേക്കുമെത്താനുള്ള സാധ്യതയുണ്ട്. ഇതുകാരണം വയനാട് വന്യജീവി സങ്കേതത്തിന്റെ കിഴക്കന്‍ മേഖലയിലെ ഗോളൂര്, വണ്ടിക്കടവ്, അമ്മവയല്‍, നെല്ലിക്കല്ല്, രാംപൂര്‍, പെട്ടിപ്പാറ തുടങ്ങിയ വനമേഖലകളില്‍ വനപാലക സംഘം അതീവജാഗ്രതയിലാണ്. ഈ സ്ഥലങ്ങളില്‍ നൂറിലേറെ വരുന്ന വനപാലകര്‍ രാത്രിയും പകലും ഉറക്കമൊഴിഞ്ഞ് ക്യാമ്പ് ചെയ്യുകയാണ്.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍പ്പെട്ട രണ്ടു സ്ഥലങ്ങളില്‍നിന്നാണു കാട്ടുതീ ആരംഭിച്ചത്. കാല്‍ക്കെറെ റെയ്ഞ്ചില്‍ 18നു രാവിലെയും ഗുണ്ട്‌റെ റെയ്ഞ്ചില്‍ 19നു രാവിലെയുമുണ്ടായ തീ ഇതുവരെ ആയിരത്തിലേറെ ഏക്കർ വനം വിഴുങ്ങി. എന്‍ബെഗൂര്‍ മേഖലയിലെ ഏക്കര്‍ കണക്കിനു വനം കഴിഞ്ഞദിവസങ്ങളില്‍ കത്തിനശിച്ചു. ഇവിടെനിന്നു പാലായനം ചെയ്ത വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കബനി നദീതീരത്തു തമ്പടിച്ചിരിക്കുകയാണ്.
കാട്ടുതീ ഭീഷണിയെത്തുടര്‍ന്നു വയനാട് വന്യജീവി സങ്കേതത്തില്‍പ്പെട്ട മുത്തങ്ങ, തോല്‍പ്പെട്ടി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണു നിരോധനം. ഇതുസംബന്ധിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ബന്ദിപ്പൂര്‍ സങ്കേതത്തില്‍നിന്നു വന്യജീവികള്‍ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് പാലായനം ചെയ്യുന്ന സാഹചര്യത്തിലാണു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ വരവ് വന്യജീവികള്‍ക്ക് അലോസരം സൃഷ്ടിക്കും. ഇതു സന്ദര്‍ശകരുടെ സുരക്ഷിതത്വത്തിനു ഭീഷണിയാവും. സന്ദര്‍ശകരുടെ ഇടപെടലും വാഹനസാന്നിധ്യവും കാട്ടുതീയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും വനംവകുപ്പ് കണക്കുകൂട്ടുന്നു.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്ര മല, സൂചിപ്പാറ, മീന്‍മുട്ടി എന്നിവിടങ്ങളിലേക്കു പ്രവേശനം രണ്ടുദിവസം മുന്‍പ് നിരോധിച്ചിരുന്നു.