തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആലപ്പുഴ തോട്ടപ്പള്ളിയില്‍ വച്ച് എന്‍ റിക്ക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത്.
ട്രൈബ്യൂണല്‍ വിധി പഠിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മെയ് 21-ന് ട്രൈബ്യൂണല്‍ വിധി പറഞ്ഞുവെങ്കിലും വ്യാഴാഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ വിവരം പുറത്ത് വിട്ടത്. കേസില്‍ നാവികരെ ഇറ്റലിയില്‍ വിചാരണ ചെയ്യുകയും ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണമെന്നാണ് ട്രൈബ്യൂണലിന്റെ വിധി.
Read Also: കേസ് വിവരങ്ങള്‍ ആരും അറിയിക്കാറില്ല; ഇറ്റാലിയന്‍ നാവികര്‍ക്ക് മാപ്പ് നല്‍കി വാലന്റൈനിന്റെ കുടുംബം
യുഡിഎഫ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതക കുറ്റം ഉള്‍പ്പെടെയുള്ളവയുടെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച്ച വരുത്തിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നാവികരെ ക്രിമിനല്‍ നടപടികളില്‍ നിന്നും ഒഴിവാക്കുകയും നഷ്ടപരിഹാരത്തില്‍ മാത്രം ഒതുക്കുകയും ചെയ്ത വിധി പുനപരിശോധിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷമായിരുന്ന ബിജെപി ഈ കേസ് രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു. ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോദി ആരോപിച്ചിരുന്നു. മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് കേസ് അന്താരാഷ്ട്ര ടൈബ്യൂണലില്‍ എത്തിയത്.
കേസില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചുവെന്ന് കേരള മത്സ്യ തൊഴിലാളി ഐക്യവേദി ആരോപിച്ചു. ട്രൈബ്യൂണലില്‍ കേസ് ശരിയായ രീതിയില്‍ നടത്താതിരിക്കുകയും എതിരായ വിധിയെ രാജ്യത്തിന്റെ വിജയമായി അവതരിപ്പിക്കുകയും ചെയ്യുക വഴി കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുകയും മത്സ്യതൊഴിലാളികളെ വഞ്ചിക്കുകയും ചെയ്തുവെന്ന് സംസ്ഥാന സെക്രട്ടറി ചാള്‍സ് ജോര്‍ജ്ജ് ആരോപിച്ചു.