കൊല്ലം: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരോട് ക്ഷമിച്ചുവെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയായ വാലന്റൈനിന്റെ ഭാര്യ ഡോറ. “ഞങ്ങള്‍ അവര്‍ക്ക് മാപ്പ് കൊടുത്തു. മരിച്ചു പോയയാള്‍ പോയി. ഇനി തിരിച്ചു വരികയില്ല,” അവര്‍ പറഞ്ഞു.
കേസില്‍ രാജ്യാന്തര ആര്ബിട്രേഷന് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ തൃപ്തരാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം കിട്ടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര ആര്ബിട്രേഷന് ട്രൈബ്യൂണല്‍ ഉത്തരവ് വന്ന് 40 ദിവസത്തോളം കഴിഞ്ഞിട്ടും കൊല്ലപ്പെട്ട കൊല്ലം സ്വദേശിയായ വാലന്റൈനിന്റെ കുടുംബത്തിന് കേസ് സംബന്ധിച്ച് ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചില്ല. മെയ് 21-നാണ് ട്രൈബ്യണല്‍ വിധി പുറപ്പെടുവിച്ചതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച്ചയാണ് പുറത്ത് വിട്ടത്. ടൈബ്യൂണലിന്റെ തീരുമാനം സുപ്രീംകോടതിയേയും സംസ്ഥാന സര്‍ക്കാരിനേയും യഥാസമയം അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് 2017-ല്‍ നിര്‍ദ്ദേശിച്ചിരുന്നു.
കേസിന്റെ വിചാരണ ഇറ്റലിയില്‍ നടത്തണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കാമെന്നുമാണ് വിധി. ഒരു വര്‍ഷത്തിനകം നഷ്ടപരിഹാരം തീരുമാനിക്കണമെന്നാണ് ട്രൈബ്യൂണ്‍ ഉത്തരവില്‍ പറയുന്നത്.
എട്ട് വര്‍ഷം മുമ്പ് 2012-ല്‍ നടന്ന സംഭവത്തെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നല്കിയ കേസ് ഹൈക്കോടതിയില്‍ നിന്നും പിന്‍വലിച്ചശേഷം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിയുന്നതെന്ന് വാലന്റൈനിന്റെ മകന് ഡെറിക് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. സംഭവ സമയത്ത് സഹായിച്ചിരുന്ന കത്തോലിക്ക സഭയില്‍ നിന്നും ഇപ്പോള്‍ ഇതുമായി ആരും ബന്ധപ്പെടുന്നില്ലെന്നും ഡെറിക് പറയുന്നു.
ഇറ്റാലിയന്‍ കപ്പലായ എന്‍ റിക്ക ലെക്സിക്ക് സുരക്ഷാ നല്‍കിയിരുന്ന ഇറ്റാലിയന്‍ മറീനുകള്‍ മാസിമിലോനോ ലത്തോറ, സാല്‍വത്തോറെ ജെറോണ്‍ എന്നിവരാണ് കേരള തീരത്തുവച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി 15-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ വച്ചായിരുന്നു മത്സ്യബന്ധ ബോട്ടിലെ തൊഴിലാളികളെ കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ കന്യാകുമാരി സ്വദേശിയായ അജീഷ് ബിങ്കി (21) ആണ്. ഇരുകുടുംബങ്ങളും തമ്മില്‍ കൊലപാതകം നടന്ന കാലത്ത് ബന്ധമുണ്ടായിരുന്നുവെന്നും പിന്നീടത് മുറിഞ്ഞുപോയെന്നും ഡെറിക് പറയുന്നു.
Read Also: തലസ്ഥാനത്ത് ഉറവിടമറിയാതെ 20 രോഗികൾ; അണുനശീകരണം ആരംഭിച്ചു
ഇന്ത്യയും ഇറ്റലിയും തമ്മിലെ നയതന്ത്ര ബന്ധം വഷളാക്കുകയും രാജ്യത്ത് രാഷ്ട്രീയ പോരിന് കാരണമാകുകയും ചെയ്തിരുന്നു ഈ കേസ്. ഇതിനിടയില്‍ ചികിത്സയ്ക്കായി പ്രതികളായ ലത്തോറയും ജെറോണും ഇറ്റലിയിലേക്ക് വിട്ടയക്കുകയും ചെയ്തു. അവരെ തിരികെ ഇന്ത്യയിലേക്ക് കൊണ്ട് വന്ന് വിചാരണ ചെയ്യണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇതിനിടെ, ഇരുരാജ്യങ്ങളും തമ്മിലെ തര്‍ക്കം അന്താരാഷ്ട്ര ട്രൈബ്യൂണലിലെത്തി.
കപ്പല്‍ കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചതെന്ന് ഡെറിക് പറയുന്നു. കൊല്ലത്തെ ഒരു എഞ്ചിനീയറിങ് കോളേജിൽ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഡെറിക് ഇപ്പോള്‍ ജോലി അന്വേഷിക്കുകയാണ്. അനിയന് ജീന്‍ പ്ലസ് ടു കഴിഞ്ഞു ബിരുദത്തിന് ചേരാനുള്ള തയ്യാറെടുപ്പിലും. സംഭവം നടന്നപ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ വാലന്റൈനിന്റെ ഭാര്യ ഡോറയ്ക്ക് മത്സ്യഫെഡില്‍ പ്യൂണ്‍ ആയി ജോലി നല്‍കിയിരുന്നു.
Read Also: ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റേററ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
അന്താരാഷ്ട്ര ട്രൈബ്യൂണലിനെ വിധിയെ തങ്ങള്‍ തിരിച്ചടിയായി കാണുന്നില്ലെന്നും വിധി അനുകൂലമാണെന്നും കത്തോലിക്കാ സഭാ പുരോഹിതനായ ഫാദര്‍ രാജേഷ് മാര്ട്ടിന് പറഞ്ഞു. അദ്ദേഹമാണ് സംഭവം നടന്നതിനുശേഷം കേസിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നതെന്ന് ഡെറിക് പറഞ്ഞു.
എന്നാല്‍, മാര്ട്ടിന് വിധിയെ വിജയമായി വ്യാഖ്യാനിക്കുന്നത് മറ്റൊരു തരത്തിലാണ്. “എന്‍ റിക്ക ലെക്സി സഞ്ചരിച്ചത് 14 നോട്ടിക്കല്‍ മൈലിനുള്ളിലാണെന്നായിരുന്നു ഞങ്ങളുടെ വാദം. അത് അംഗീകരിക്കപ്പെട്ടു. കേരള തീരത്ത് 14 നോട്ടിക്കല്‍ മൈലിനുള്ളില്‍ വലിയ കപ്പലുകള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയാണെന്നുള്ളതും ഈ കപ്പലുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്ക് മത്സ്യ തൊഴിലാളികള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നുമുള്ള തങ്ങളുടെ വാദം അംഗീകരിക്കപ്പെട്ടതായി ഫാദര്‍ മാര്ട്ടിന് പറയുന്നു. ഹൈക്കോടതി വഴി കുടുംബങ്ങള്‍ക്ക് ഓരോ കോടി രൂപ വീതം നഷ്ടപരിഹാരം വാങ്ങി നല്കി,” അദ്ദേഹം പറയുന്നു. എങ്കിലും ഈ തുക കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് തുല്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ റിക്ക ലെക്സി സംഭവമുണ്ടായശേഷം രണ്ട് മൂന്ന് കപ്പല്‍ അപകടങ്ങള്‍ ഉണ്ടാക്കിയിട്ടും തീരദേശ പൊലീസിന് ഒന്നും ചെയ്യാനായില്ലെന്ന് ഫാദര്‍ മാര്ട്ടിന് പറയുന്നു. അതില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല.
അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി കേസില്‍ ഇന്ത്യയ്ക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും തിരിച്ചടിയാകുമോയെന്ന ചോദ്യത്തോട് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.