കൊച്ചി: ദളിത് വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ലോ അക്കാദമി മുൻ പ്രിൻസിപ്പൾ ലക്ഷ്മി നായർക്കെതിരെ അന്വേഷണം മുന്നോട്ട്. സംഭവത്തിൽ ഇവർക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘ തലവൻ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകി.
കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ലക്ഷ്മി നായർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ എതിർ സത്യവാങ്ങ്മൂലത്തിൽ കേസ് റദ്ദാകരുതെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.പ്രഥമദൃഷ്ട്യാ തന്നെ ലക്ഷ്മി നായർ കുറ്റം ചെയ്തതായി തെളിവുണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കെഇ ബൈജുവാണ് സത്യവാങ്ങ്മൂലം സമർപ്പിച്ചത്. ഇതുവരെ 23 പേരുടെ സാക്ഷി മൊഴികൾ എടുത്തിട്ടുണ്ട്. ജാതിപ്പേര് വിളിക്കപ്പെട്ടവരുടെ ജാതി സാക്ഷ്യപത്രം ലഭിക്കേണ്ടതുണ്ട്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം മുന്നോട്ട് പോവുകയാണെന്നും ഈ ഘട്ടത്തിൽ അന്വേഷണം നിർത്തിവയ്ക്കരുതെന്നും അന്വേഷണ സംഘം സത്യവാങ്ങ്മൂലത്തിൽ അറിയിച്ചു.
അതേസമയം അന്വേഷണ ചുമതല എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന പരാതിക്കാരെ ആവശ്യത്തെ സർക്കാർ കോടതിയിൽ എതിർത്തു. നിലവിലെ അന്വേഷണം കുറ്റമറ്റതും കാര്യക്ഷമവുമാണ്. പിന്നെന്തിനാണ് ഉയർന്ന മറ്റൊരു ഉദ്യോഗസ്ഥന് അന്വേഷണം കൈമാറുന്നതെന്ന് സർക്കാർ കോടതിയിൽ ആരാഞ്ഞു.