തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ആരംഭിച്ചു. രാവിലെ പത്തിന് ഫിസിക്‌സ്, കെമിസ്‌ട്രി പരീക്ഷകൾ ആരംഭിച്ചു. പരീക്ഷയ്‌ക്ക് ഒരു മണിക്കൂർ മുൻപ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിലെത്തി. ഉച്ചയ്‌ക്ക് 2.30 മുതലുള്ള കണക്ക് പരീക്ഷയ്‌ക്ക് അരമണിക്കൂർ മുൻപ് എത്തണം.

1,10,200 വിദ്യാർഥികളാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്. വിദ്യാർഥികൾ കൊണ്ടുവരുന്ന ഉച്ചഭക്ഷണം കഴിക്കാൻ പരീക്ഷാകേന്ദ്രത്തിൽ സൗകര്യമുണ്ടാകും.

കോവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും നിശ്ചയിച്ചതുപോലെ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വരുംമാസങ്ങളിൽ കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകാൻ സാധ്യതയുള്ളതിനാലും വിദ്യാർഥികളുടെ തുടർ പഠനം പരിഗണിച്ചുമാണ് പരീക്ഷ തിയതി മാറ്റാത്തത്.

Read Also: നടൻ ധ്രവ സർജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് പോസിറ്റീവ്

പരീക്ഷാകേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം. കണ്ടെയ്‌ൻമെന്റ് സോണുകളിലടക്കം പരീക്ഷ നടക്കുന്നുണ്ട്. പരീക്ഷയ്‌ക്ക് മുൻപും ശേഷവും പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്‌തമാക്കും. പരീക്ഷാകേന്ദ്രങ്ങളിൽ പൊലീസും ആരോഗ്യപ്രവർത്തകരും ഉണ്ടാകും. പരീക്ഷാകേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ് സൗകര്യമുണ്ട്.

കോവിഡ് പോസിറ്റീവായ മൂന്ന് വിദ്യാർഥികൾ ഇന്നത്തെ പരീക്ഷ എഴുതുന്നുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നു വിദ്യാർഥികളാണ് ഇവർ. കോവിഡ് ചികിത്സയിൽ കഴിയുന്ന മൂന്ന് പേർക്കും അതാത് ആശുപത്രികളിൽ തന്നെ പരീക്ഷ എഴുതാൻ അനുമതി നൽകിയിട്ടുണ്ട്.

പൂന്തുറയിലെ വിദ്യാർഥികൾക്ക് വലിയതുറ സെന്റ്.ആന്റണീസ് എച്ച്‌എസ്‌എസിലാണ് പരീക്ഷാകേന്ദ്രം. ഡൽഹിയിലെ കേന്ദ്രം ഫരിദാബാദ് ജെ.സി.ബോസ് ഇൻസ്‌റ്റിറ്റ‌്യൂട്ടാണ്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്നു വരുന്നവർക്കും ക്വാറന്റെെനിൽ കഴിയുന്നവർക്കും പ്രത്യേക മുറികളിലായിരിക്കും പരീക്ഷ നടത്തുക.

പരീക്ഷയുടെ നടത്തിപ്പിന് സംസ്ഥാനത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ സന്നദ്ധ സേന പ്രവർത്തകരെ വിന്യസിപ്പിച്ചു. 4,068 സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. തെർമൽ സ്‌കാനിങ്, സാനിറ്റൈസേഷൻ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകും.

KEAM 2020: പ്രവേശന പരീക്ഷയ്ക്ക് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതോടൊപ്പം ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. രാവിലെ 7 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രവർത്തന സമയം. സന്നദ്ധ സേന പ്രവർത്തകർക്ക് ആവശ്യമായ എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചതായി ഡയറക്ടർ അമിത് മീണ അറിയിച്ചു.

യുവജന കമ്മീഷൻ, യുവജന ക്ഷേമ ബോർഡ് പ്രതിനിധികൾ ഉൾപ്പെടെയുള്ള സന്നദ്ധ സേന പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങളിൽ ഭാഗമാകും. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, യുവജന ക്ഷേമ ബോർഡ് ചെയർമാൻ പി.ബിജു എന്നിവർ തിരവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വോളണ്ടിയറാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.