തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽനിന്നു ലഭിച്ച ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. വീണ്ടും മൊഴിയെടുക്കമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി വ്യക്തമാക്കി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല, മറിച്ച് ജലീലിന്റെ സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് ജലീലിനെ ചോദ്യം ചെയ്തതെന്നും ഇനി മന്ത്രിയുടെ മൊഴിയെടുക്കേണ്ടതിന്റെ ആവശ്യമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയതായി നേരത്തെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സ്വർണക്കടത്തുമായി ജലീലിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും ജലീൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായിട്ടില്ലെന്നും ഖുറാന്റെ കോപ്പികൾക്കൊപ്പം മറ്റ് വസ്തുക്കൾ ഒന്നും തന്നെയുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ഇ.ഡി പറഞ്ഞതായാണ് ന്യൂസ്18 റിപ്പോർട്ട് ചെയ്തത്. ജലീൽ സമർപ്പിച്ച രേഖകളും തങ്ങൾ കണ്ടെത്തിയ രേഖകളും തൃപ്തികരമാണെന്നും അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യമില്ലെന്നും ഇ.ഡി വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തതിന്റെ പേരിൽ ജലീൽ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. ജലീലിനെതിരെ എന്ത് ആരോപണമാണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. വഖഫ് ബോർഡ് മന്ത്രി എന്ന നിലയിലാണ് യുഎഇ കോൺസുലേറ്റുമായി ജലീൽ ബന്ധപ്പെട്ടത്. അതിൽ തെറ്റായി ഒന്നുമില്ല. അദ്ദേഹത്തെ കുറിച്ച് ചില പരാതികൾ ഇഡിക്ക് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാൻ ഇഡി ജലീലിനെ വിളിപ്പിച്ചു. ജലീൽ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
“യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാനും റംസാൻ കിറ്റും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും അവരിൽ നിന്ന് ഞാനെന്തെങ്കിലും സമ്മാനമോ പൈസയോ വാങ്ങിയോ എന്നുമായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നത്. ഞാൻ യുഎഇ കോൺസുലേറ്റിൽ നിന്ന് ഒന്നു സ്വീകരിച്ചിട്ടില്ല. റംസാൻ കിറ്റ് വിതരണത്തിൽ ഒരു പണമിടപാടും ഇല്ലായിരുന്നു. എന്റെ കൈകൾ ശുദ്ധമാണ്,” ജലീൽ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു.
”എന്റെ വ്യക്തിപരമായ ആസ്തികളെക്കുറിച്ചും ചോദിച്ചിരുന്നു. എന്റെ വീട് നിൽക്കുന്നിടത്തുള്ള 19.5 സെന്റ് സ്ഥലമാണ് എനിക്കുള്ളത്. ഇതല്ലാതെ സ്വർണമോ മറ്റ് വസ്തുവകകളോ എനിക്കോ കുടുംബത്തിനോ ഇല്ല. ഒരു ബാങ്ക് നിലവറകളിലും വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നും തന്നെ എന്റെ പക്കലില്ല,” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ, ജലീലിന്റെ മൊഴി ഇഡി രണ്ടു ദിവസം എടുത്തുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഇഡി ഓഫീസിലെത്തിയ ജലീലിന്റെ മൊഴി 11.30 വരെ രേഖപ്പെടുത്തിയെന്നും പിറ്റേന്ന് വീണ്ടും എത്താൻ നിർദേശിക്കുകയായിരുന്നുവെന്നുമാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
ജലീലിന്റെയും ഇ.പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവർത്തകർ നടത്തുന്ന പ്രതിഷേധം ഇന്നും സംഘർഷത്തിലേക്കു നീങ്ങി. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പലയിടത്തും പൊലീസ് ലാത്തിവീശി. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരീനാഥ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി.
Read more: തെറ്റുചെയ്തെന്ന് നെഞ്ചിൽ കൈവെച്ച് ഹൈദരലി തങ്ങൾ പറഞ്ഞാൽ ഞാൻ രാജിവെക്കും: ജലീൽ