കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ശേഷം മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി പുറത്തിറങ്ങിയത് രാത്രി രണ്ട് മണിയോടെ. 16 മണിക്കൂറാണ് ബുധനാഴ്ചത്തെ ചോദ്യം ചെയ്യൽ നീണ്ടത്. കുറച്ച് രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും കെഎം ഷാജി പറഞ്ഞു. ചോദ്യങ്ങളെ നേരിട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലുമായും ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് നേരത്തെ തന്നെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എം ഷാജിയുടെ ഭാര്യ കെ.എം ആശയെയും ലീഗ് നേതാവ് ഇസ്മായിലിനേയും മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നു.

എല്ലാ രേഖകളും ഇ.ഡിയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തോടെ മറുപടി നൽകേണ്ട ബാധ്യത തനിക്കുണ്ടെന്നും ആദ്യ ദിവസം ചോദ്യം ചെയ്യലിന് ശേഷം കെഎം ഷാജി പ്രതികരിച്ചിരുന്നു. മറ്റു തരത്തിലുള്ള രാഷ്ട്രീയപരമായ നീക്കം പോലെയല്ല. ഇ.ഡിയുടേത് സ്വാഭാവിക സംശയങ്ങളാണ് അതിനെ ദൂരികരിക്കാനുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം കൊടുക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും രാഷ്ട്രീയപരമായ സ്വാധീനം ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ബാധിക്കില്ലെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളിൽ ഇനി ഏതാണ് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും കെഎം ഷാജി പറഞ്ഞിരുന്നു.

തിങ്കളാഴ്ച കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്. ലീഗ് നേതാവും മുന്‍ പിഎസ് സി അംഗവുമായ ടിടി ഇസ്മായിലിന്‍റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

ഷാജിയും ടിടി ഇസ്മായിലും മറ്റൊരു ലീഗ് നേതാവും ചേര്‍ന്നായിരുന്നു മാലൂര്‍കുന്നില്‍ ഭൂമി വാങ്ങിയത്. പിന്നീടിത് ഷാജി സ്വന്തമാക്കുകയും ഭാര്യ ആശയുടെ പേരിലേക്ക് മാറ്റുകയുമായിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ നല്‍കിയ മൊഴിയിൽ വ്യക്തത തേടാനാണ് തന്നെ വിളിപ്പിച്ചതെന്ന് ടിടി ഇസ്മയില്‍ പറഞ്ഞു.

ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഇതാണ് ഇഡി അന്വേഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.