കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യും. ബാങ്ക് ജീവനക്കാരും പ്രസിഡന്റും അടക്കമുളളവരെ ഇഡി കേസിൽ പ്രതി ചേർത്തേക്കും.
അതേസമയം, കരുവന്നൂർ ബാങ്കിൽ നടന്നത് 104.37 കോടിയുടെ ക്രമക്കേടാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു. തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്ക് വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് മന്ത്രി വിശദീകരണം നൽകിയത്. കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. ഇതോടൊപ്പം സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പിൽ പങ്കുള്ള 7 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തുവെന്നും മന്ത്രി സഭയെ അറിയിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ മൂന്നു പേരും സിപിഎം അംഗങ്ങളാണെന്നും ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ.സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്നാണ് വിവരം. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ.സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്.
Read More: പാലാരിവട്ടം പാലം അഴിമതി: കേസ് റദ്ദാക്കണമെന്ന ടി.ഒ. സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
വായ്‌പ നൽകിയ വസ്തുക്കളിൽ തന്നെ വീണ്ടും വായ്‌പ നൽകിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയെല്ലാം തട്ടിപ്പിന്റെ ഭാഗമായിരുന്നു.
2019 2019-ൽ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്.