കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നിർദേശം. സ്വത്തുവകകൾ തങ്ങളുടെ അനുമതിപ്രകാരമല്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് ഇഡി രജിസ്ട്രേഷൻ വകുപ്പിനെ അറിയിച്ചു. അസിസ്റ്റന്റ് ഡയറക്ടർ രാധാകൃഷ്ണനാണ് കത്ത് നൽകിയത്.
ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതൽ നടപടികളുണ്ടാവുമെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
Read More: ലൈഫ് മിഷൻ: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ്ഐആർ
നേരത്തെ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തിരുന്നു. സെപ്തംബര്‍ ഒന്‍പതിന് 11 മണിക്കൂറോളമാണ് ബിനീഷിനെ ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യലില്‍ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ നടപടികൾ.
സ്വർണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപും ബിനീഷും തമ്മിൽ അടുത്ത ബന്ധമുള്ളതായും ബിസിനസ് ബന്ധങ്ങളുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.