കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തതായി എൻഫോഴ്‌സ്മെന്റ് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചു. മുൻ മന്ത്രിക്കെതിരെ സ്വീകരിച്ച നടപടികൾ ഏപ്രിൽ 7ന് സത്യവാങ്മൂലമായി സമർപ്പിക്കാൻ ജസ്റ്റിസ് സുനിൽ തോമസ് നിർദേശിച്ചു.

ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർത്ത് പതിനൊന്നു ദിവസം കഴിഞ്ഞിട്ടും തുടർ നടപടി ഇല്ലാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് നടപടി ഇല്ലാത്തതെന്ന് കോടതി ആരാഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമുള്ള ഇബ്രാഹിം കുഞ്ഞിന്റെ ചിത്രം ഇബ്രാഹിം കുഞ്ഞും ആൾക്കാരും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ തെളിവായി ചിത്രവും ഹാജരാക്കി. ഇത് ശരിയല്ലെന്നും സർക്കാർ പ്രതിക്കൊപ്പമാണെന്ന ധാരണ അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടാകുമെന്ന് കോടതി പരാമർശിച്ചു.

ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള ചന്ദ്രിക ദിന പത്രത്തിന്റെ അക്കൗണ്ടിൽ നോട്ട് നിരോധന കാലത്ത് 10 കോടി നിക്ഷേപിച്ചെന്നും കണക്കിൽ പെടാത്ത ഈ പണം പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ചതാണെന്നും അന്വേഷണം വേണമെന്നുമുള്ള ഗിരീഷ് ബാബുവിന്റെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും അറസ്റ്റ് ചെയ്യാൻ വിജിലൻസിന് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ടുള്ള ഉപഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.

Read Also: അസാധാരണ സാഹചര്യം, വേണ്ടത് അതീവ ജാഗ്രത: മുഖ്യമന്ത്രി

കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ സ്വീകരിക്കുന്ന തുടർ നടപടികൾ വിജിലൻസും 7 ന് അറിയിക്കണം. പ്രതിയെ സഹായിച്ച വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയും ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും വിജിലൻസ് കോടതിയെ അറിയിക്കണം.

അതിനിടെ, പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ. അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിൽ പ്രതിചേർത്തിട്ടും അന്വേഷണ സംഘം ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കളമശേരി സ്വദേശിയും പൊതു പ്രവർത്തകനുമായ ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

കേസിലെ പ്രതികളായ ടി.ഒ.സുരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയതിട്ടും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പ്രതികളെ സഹായിച്ചതിന് വിജിലൻസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അറസ്റ്റ് ചെയ്യാതെ പുറത്ത് വിഹരിക്കുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.