കാസര്‍കോട്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്. കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയേറ്റില്‍ നടന്ന സമരത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാരോപിച്ചാണ് ഇരകള്‍ വീണ്ടും സമരത്തിലേക്കെത്തുന്നത്. ഈ മാസം മുപ്പതിന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുനാണ് തീരുമാനം.

2019 ജനുവരി 30നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ അനിശ്ചിത കാലസമരമാരംഭിച്ചത്. എന്നാല്‍ സമരം തുടങ്ങി അഞ്ചാം ദിവസം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും ഇരകളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് ഇവർ വീണ്ടും സമരപ്പന്തലിലേക്ക് എത്തുന്നത്.

മുഴുവൻ ദുതിതബാധിതരേയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം കഴിഞ്ഞവർഷം സമരം നടത്തിയത്. ദുരിത ബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിരുന്നു.

Read More: മുഖ്യമന്ത്രി ഇടപ്പെട്ടു; എൻഡോസൽഫാൻ സമരത്തിന് അന്ത്യം

എന്നാൽ 18 വയസ്സിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ തീരുമാനമായില്ല. മാത്രമല്ല, ചികിത്സയടക്കം യാതൊരു ആനുകൂല്യവും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

അന്ന് നടത്തിയ പട്ടിണി സമരത്തെ തുടര്‍ന്ന് പെന്‍ഷന്‍ വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും അതും നടന്നില്ലെന്നും അവര്‍ പറഞ്ഞു. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.

Read More: എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണി സമരം ഇന്ന് മുതൽ

പലരുടെയും പെന്‍ഷന്‍ നാലുമാസത്തോളമായി മുടങ്ങിക്കിടക്കുകയാണെന്നും ദുരിത ബാധിതര്‍ പറയുന്നു. മാര്‍ച്ചിനു ശേഷവും ഇവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത പക്ഷം വീണ്ടും സമരം നടത്താനാണ് തീരുമാനം.

2016ലാണ് ആദ്യമായി എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ സെക്രട്ടേറിയറ്റ് പടിക്കൽ പട്ടിണിസമരം നടത്തിയത്. അന്ന് 9 ദിവസം നീണ്ടുനിന്ന സമരത്തിന് പിന്നാലെ 2018 ജനുവരി 30ന് ഒരിക്കൽ കൂടി അവർ സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയിരുന്നു. ഒറ്റ ദിവസത്തെ പട്ടിണി സമരമാണ് നടത്തിയത്. ഡിസംബർ 10ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ചും നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook