തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ എല്ലാം തകിടം മറിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകയായ ദയാബായി അഭിപ്രായപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതർ​ ആരംഭിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദയാബായി.

കുറച്ച് നാൾ മുമ്പ് എല്ലാം ശരിയാകുമെന്ന് ചിലരൊക്കെ പറയുന്നത് കേട്ട് ഞാൻ വിശ്വസിച്ചു. എന്നാൽ​ അവർ അധികാരത്തിലെത്തിയപ്പോൾ എല്ലാം തകിടം മറിക്കുകയാണ്. മനഃസാക്ഷിയില്ലാതെ അധികാര കസേരയിലിരിക്കുന്നവർ അത് വിട്ടിറങ്ങുന്നതാണ് നല്ലത്. കേരളം ഭരിക്കുന്നത് മനുഷ്യരാണോ ദയാബായി ചോദിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ സർക്കാർ എപിഎൽ, ബിപിഎൽ മാനദണ്ഡം ഒഴിവാക്കണം. അവർക്കായി പ്രത്യേകമായി ഒരു സംവിധാനം ഉണ്ടാക്കണമെന്നും ദയാബായി ആവശ്യപ്പെട്ടു.  സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച സമരം ഉദ്ഘാടനം ചെയ്യാൻ ഞാൻ ആളല്ല എന്ന് പറഞ്ഞാണ് ദയാബായി സംസാരിച്ചു തുടങ്ങിയത്.

സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുക എന്ന ആവശ്യമുയര്‍ത്തിയാണ് സമരം. എൻഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങളും അവരുടെ അമ്മമാരും വീണ്ടും സെക്രട്ടറിയേറ്റ് പടിക്കൽ സമരവുമായി എത്തിയത്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും സമരസംഘാടക സമിതിയുമാണ് സമരം സംഘടിപ്പിച്ചത്. സർക്കാർ വഞ്ചനക്കെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ ഏകദിന സമരം നടത്തിയത്.

ദുരിത ബാധിതർക്ക്‌ സർക്കാർ നൽകിയ കരാറുകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ 2016 ജനുവരി 26നു ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ ‘അനിശ്ചിതകാല പട്ടിണിസമരം’ നടത്തിയിരുന്നു. ഒമ്പത് ദിവസം നീണ്ട സമരത്തിനൊടുവിൽ കരാർ വ്യസ്ഥകൾ നടപ്പിലാക്കാമെന്ന് സർക്കാർ ഉറപ്പു നൽകി. ഇപ്പോൾ അധികാരത്തിലുളള സിപിഎം – സിപിഐ പാർട്ടികൾ അന്ന് പൂർണ്ണ പിന്തുണയുമായി സമരത്തിലുണ്ടായിരുന്നു. ഈ ഉറപ്പുകളാണ് അവർ അധികാരത്തിലിരുന്ന് ലംഘിക്കുന്നതെന്ന് എൻഡോസൾഫാൻ ദുരിത ബാധിതർ ആരോപിച്ചു.

എൻഡോസൾഫാൻ മെഡിക്കൽ ലിസ്റ്റിൽപ്പെട്ട മുഴുവൻ കുഞ്ഞുങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് ഇടതുപക്ഷ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ദുരിത ബാധിതരെ ഇങ്ങനെ സർക്കാർ തന്നെ സമരത്തിലേയ്ക്ക് തളളിവിടുകയാണെന്ന് സമര സമിതി പ്രവർത്തകർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ