കാസർഗോഡ്: എൻഡോസൾഫാൻ ഇരയായ മകനുമായി ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്ന പിതാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.  മകന് ചായയുമായി തീവണ്ടിയിൽ കയറുന്നതിനിടെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടം.

അച്ഛൻ മരിച്ചതറിയാതെ യാത്ര തുടർന്ന മകൻ രാത്രി വൈകി കാസർഗോഡ് റെയിൽവേ സ്റ്റേഷനിലിറങ്ങി 13 കിലോമീറ്റർ നടന്ന് വീട്ടിലെത്തി. മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗൺസിൽ അംഗവും കരാറുകാരനുമായ മുണ്ടക്കൈ സ്വദേശി നെടുവോട്ട് മഹമൂദ് (63) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെ മംഗളൂരു റെയിൽവേ സ്‌റ്റേഷനിലാണ് അപകടം.

എൻഡോസൾഫാൻ ദുരിതബാധിതനും ഭിന്നശേഷിക്കാരനുമായ മകൻ ഹാരിസിനെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് മകനും തനിക്കും ചായ വാങ്ങാനായി ഇദ്ദേഹം പുറത്തിറങ്ങി. ചായയുമായി തിരികെ വരാൻ ഒരുങ്ങുമ്പോഴേക്കും ട്രെയിൻ പുറപ്പെട്ടു. ഇതോടെ രണ്ട് കൈയ്യിലും ചായയുമായി ട്രെയിനിന് അകത്തേക്ക് ചാടിക്കയറി. നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ മഹമൂദിന്റെ രണ്ട് കാലുകളും ട്രെയിൻ ചക്രങ്ങൾ കയറി മുറിഞ്ഞുപോയി. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി പന്ത്രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

ഈ സമയത്ത് ഹാരിസ് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ട്രെയിനിൽ നിന്നിറങ്ങിയ ഹാരിസ് പിതാവിനെ കാണാത്തതിനാൽ 13 കിലോമീറ്റർ ദൂരെയുളള വീട്ടിലേക്ക് നടന്നുപോകാൻ തീരുമാനിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിലെത്തിയത്. രാത്രി 12 മണി കഴിഞ്ഞപ്പോൾ തന്നെ മഹമൂദിന്റെ കീശയിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ വിളിച്ച് ആശുപത്രി അധികൃതർ മരണ വിവരം അറിയിച്ചിരുന്നു. ഹാരിസ് എവിടെയാണെന്ന് അറിയാതെ കുടുംബാംഗങ്ങൾ ആശങ്കപ്പെട്ടിരിക്കെയാണ് പുലർച്ചെ  മൂന്ന് മണിയോടെ മകൻ വീട്ടിലെത്തിയത്.

രണ്ട് വർഷമായി അർബുദത്തിന് ചികിത്സ തേടുകയായിരുന്നു മഹമൂദ്. സംസാരശേഷി ഇദ്ദേഹത്തിന് കുറവായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.  ഭാര്യ: ഉമ്മാലി. മറ്റു മക്കൾ: ഷെരീഫ്, സഫാന, നസ്‌റീന, സഹല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.