തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരായ മക്കളുമായി അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ആനുകൂല്യ ഗുണഭോക്താക്കളുടെ പട്ടികയിൽ തോട്ടത്തിന്റെ അതിർത്തി പരിഗണിക്കാതെ കൂടുതൽ പേരെ ഉൾപ്പെടുത്താൻ തീരുമാനമായി.

മുഴുവൻ ദുതിതബാധിതരേയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ദുരിത ബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ തളിച്ച തോട്ടങ്ങൾ ഉൾപ്പെടുന്ന 11 പഞ്ചായത്തുകളിലെ ദുരിതബാധിതരെ മാത്രമേ ആനുകൂല്യ പട്ടികയിൽ ഉൾപ്പെടുത്തൂ എന്നായിരുന്നു നേരത്തെ സർക്കാർ നിലപാട്. എന്നാൽ ചർച്ചയ്ക്കൊടുവിൽ 482 കുട്ടികൾക്ക് കൂടി ആനുകൂല്യങ്ങൾ നൽകുമെന്ന ഉറപ്പു ലഭിച്ചതായി എൻഡോസൾഫാൻ പീ‍ഡിത ജനകീയമുന്നണി നേതാക്കൾ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.