ഡല്‍ഹി കലാപം റിപ്പോര്‍ട്ട്‌ ചെയ്തതില്‍ ചട്ടലംഘനമുണ്ട് എന്ന് ചൂണ്ടിക്കാട്ടി മീഡിയവണ്‍ ടിവി, ഏഷ്യാനെറ്റ്‌ ന്യൂസ് എന്നീ ചാനലുകള്‍ക്ക് രണ്ടു ദിവസത്തെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഖേദകരവും പ്രതിഷേധാര്‍ഹവുമെന്ന് മീഡിയവണ്‍ ടിവി.

‘ആര്‍ എസ്എസിനെയും ഡല്‍ഹി പോലീസിനെയും വിമര്‍ശിച്ചു എന്നത് സംപ്രേക്ഷണം നിര്‍ത്തിവെക്കാനുള്ള കാരണമായി വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം പ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതിന്‍റെ പേരില്‍ എഫ് എ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട്‌ ചെയ്തതും സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ചെയ്തിരിക്കുന്നത്. ഇത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം രാജ്യത്ത് പാടില്ല എന്ന് ഉത്തരവിടുന്നതിന് തുല്യമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വണ്‍ ടിവിയുടെ തീരുമാനം,’ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസ്‌ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നും വിഷയം സമഗ്രമായി പഠിച്ചതിനു ശേഷം തങ്ങളുടെ നിലപാട് അറിയിക്കും എന്നും ഏഷ്യാനെറ്റ്‌ ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ പ്രതികരിച്ചു.

Read Here: പുതിയ ഇന്ത്യ: വാർത്ത ചാനലുകൾക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ്‌

അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെയുഡബ്ല്യുജെ

കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) സംസ്ഥാന കമ്മിറ്റി. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാനാണ്‌ ശ്രമമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

‘വാർത്ത റിപ്പോർട്ടു ചെയ്‌തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്‌. മാധ്യമങ്ങൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന നിലപാട്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. ഇത്‌ ആർക്കും അംഗീകരിക്കാനുമാകില്ല.  കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിൻവലിക്കണം’ കെയുഡബ്ല്യുജെ പ്രസ്താവനയിൽ അറിയിച്ചു.

സംപ്രേഷണം നിർത്തി വയ്‌പിച്ച നടപടിക്കെതിരെ ശനിയാഴ്‌ച സംസ്ഥാനത്ത്‌ മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ്‌ സുഭാഷും പ്രസ്‌താവനയിൽ പറഞ്ഞു.

Read in English: Govt bans two TV channels: ‘Critical of RSS, siding with one community’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.