കൊച്ചി: ചെലവന്നൂർ കായലിന്റെ ഭാഗമായുള്ള കോന്തുരുത്തി പുഴ കയ്യേറ്റം ഒഴിപ്പിക്കാത്തതിൽ സർക്കാരിനും കോർപ്പറേഷനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പുഴ ആർക്കും പതിച്ചു നൽകാനാവില്ലെന്നും പുറമ്പോക്ക് പോലയല്ല പുഴയെന്നും പുഴ സർക്കാരിൽ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി.

കോടതിയിൽ നേരിട്ടു ഹാജരായ കോർപ്പറേഷൻ സെക്രട്ടറി ഒഴിപ്പിക്കലിന് കുടുതൽ സമയം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. 2012 മുതലുള്ള കയ്യേറ്റമാണ് കോന്തുരുത്തിയിലേത്. കയ്യേറ്റം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു നടപടിയും എടുക്കാതെ പതിച്ചു കൊടുക്കുകയാണ്. കോർപ്പറേഷനും സർക്കാരും തട്ടിക്കളിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: മനുഷ്യ ശൃംഖല: പങ്കെടുത്തവർക്കെതിരെ നടപടി വേണ്ടെന്ന് മുനീർ, ലീഗിൽ ഭിന്നത

കേസ് കോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

48 മീറ്റര്‍ വീതിയുണ്ടായിരുന്ന പുഴ തേവര മുതല്‍ കോന്തുരുത്തിവരെയുള്ള ഭാഗങ്ങളിൽ 178 കുടുംബങ്ങള്‍ കയ്യേറിയതോടെ പുഴയുടെ വീതി പലയിടത്തും രണ്ടു മീറ്ററായി ചുരുങ്ങുകയായിരുന്നു. കൈയ്യേറ്റം ഒഴിപ്പിച്ച് പുഴ പൂർവ സ്ഥിതിയിലാക്കാന്‍ എത്രസമയം വേണമെന്ന് അറിയിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി 2017ല്‍ സര്‍ക്കാരിനോടും കോര്‍പ്പറേഷനോടും നിർദ്ദേശിച്ചിരുന്നു. രണ്ടു വര്‍ഷമായിട്ടും ഒരു നടപടി സ്വീകരിച്ചില്ല. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് പൊതുതാല്‍പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.