വൈത്തിരി: വയനാട്ടിലെ ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവായ സി.പി.ജലീൽ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പൊലീസ് ഇത് സ്ഥിരീകരിച്ചില്ല. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ നാലര വരെ വെടിവയ്പ് തുടര്‍ന്നു.

ആയുധധാരികളായ അഞ്ചുപേരുടെ സംഘമാണ് റിസോര്‍ട്ടിന് സമീപം എത്തിയത്. ഇവര്‍ റിസോര്‍ട്ട് ഉടമയോട് പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ബുധനാഴ്ച രാത്രി മാവോവാദികള്‍ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു.

ഏറ്റുമുട്ടല്‍ ആരംഭിച്ച സാഹചര്യത്തില്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് പൊലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ ശക്തമാക്കി. മാവോവാദികള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് കടക്കുകയും ഇവിടെവച്ച് ജലീൽ കൊല്ലപ്പെട്ടെന്നുമാണ് കരുതുന്നത്.

സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും എത്തിയിട്ടുണ്ട്. സമീപത്തെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഐജി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്ത് എത്തുകയും തുടർ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.