ഇഎംഎസിന്റെ ഇളയ മകൻ എസ് ശശി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.
മുംബൈയിൽ മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചു.
ദേശാഭിമാനിയിൽ ചീഫ് അക്കൗണ്ട്സ് മാനേജരായിരുന്നു. സിപിഐ എം ദേശാഭിമാനി മാനേജ്മെന്റ് ബ്രാഞ്ച് അംഗമായിരുന്നു. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിൽ താമസിച്ചിരുന്നു.
ദേശാഭിമാനിയുടെ വിവിധ യൂണിറ്റുകളിൽ പ്രവർത്തിച്ച ശേഷം 2000 മുതൽ തൃശൂർ യൂണിറ്റിന്റെ ചുമതലയുമായി തൃശൂരിൽ സ്ഥിര താമസമാക്കി.
ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. അനുപമ ശശി, അപർണ ശശി എന്നിവർ മക്കളാണ്. എ എം ജിഗീഷ്, രാജേഷ് ജെ വർമ എന്നിവർ മരുമക്കളാണ്.