ഇരുപത് വര്‍ഷം പിന്നിടുന്ന ഓര്‍മ്മകളുടെ ലോകത്ത് നിന്നാണെങ്കിലും മലയാളിയുടെ ദൈനംദിന രാഷ്ട്രീയ-സാമൂഹിക വ്യവഹാരങ്ങളിൽ ഇന്നും ഇഎംഎസ് എന്ന മൂന്നക്ഷരമുണ്ട്. അനുകൂലിച്ചോ എതിർത്തോ ഉളള വാദമുഖളുടെ പേരിലാകാമത്. പക്ഷേ, രണ്ടു ദശാബ്ദത്തിലെ അസാന്നിദ്ധ്യത്തിലും ആ മൂന്നക്ഷരങ്ങള്‍ മാറ്റു കുറയാതെ നില കൊള്ളുന്നു എന്നത് തള്ളിക്കളയാനാകാത്ത വസ്തുതയാണ്.

കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ മേഖലകളിൽ തന്‍റെ രാഷ്ട്രീയ നിലപാടുകളിലൂന്നി, കാലാകാലങ്ങളിലെ തന്‍റെ നിലപാടുകൾ കൊണ്ടീ മേഖലകളെ ചലനാത്മകമാക്കിയ വ്യക്തിത്വമായിരുന്നു ‘ഇഎം’ എന്ന് അടുപ്പക്കാർക്കിടിയിൽ അറിയപ്പെട്ടിരുന്ന കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി. അഞ്ചു ദശാബ്ദത്തോളം നീണ്ട സജീവ രാഷ്ട്രീയ-പൊതു പ്രവര്‍ത്തന  തിരക്കുകളിൽ നിന്നൊഴിയുമ്പോഴും കേരളത്തിന്‍റെ പൊതുരംഗത്ത് നിത്യസാന്നിദ്ധ്യമായി തുടര്‍ന്നു ഇഎംഎസ് എന്ന ​ഇ.എം.എസ്.നമ്പൂതിരിപ്പാട്.

20 വർഷം മുമ്പ് ആ ഭൗതിക സാന്നിദ്ധ്യം മലയാളിക്ക് നഷ്ടമായെങ്കിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ,​ ജീവിതം, ദര്‍ശനം ഇവയൊക്കെ ഇന്നും മലയാളികൾക്ക് രാഷ്ട്രീയത്തിനതീതമായി ചർച്ച ചെയ്യുന്നതിന് വഴി കൊടുക്കുന്ന വിഷയങ്ങളാണ്.

ഏറ്റവും അടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായി കറങ്ങുന്നത് പോലും ‘ഇഎംഎസ് മുഖ്യമന്ത്രിയായിരിക്കെ എടുത്ത തീരുമാനം’ എന്ന പേരിലുളള ഒരു പ്രസ്താവനയാണ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഞെരുക്കം പരിഗണിച്ച് മന്ത്രിമാരുടെ ശമ്പളം കുറച്ചതായുളള ഒരു പ്രസ്താവനയാണ് അത്. ആ പ്രസ്താവന ശരിക്കും കേരളത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായതാണോ അല്ലയോ എന്നുളളതിനേക്കാളേറെ അത്തരമൊരു നിലപാട് സ്വീകരിക്കാൻ കഴിയുന്ന ഏക രാഷ്ട്രീയനേതാവായി മലയാളി അംഗീകരിക്കുന്നത് ഇഎംഎസിനെ മാത്രമാണ് എന്നതാണ് അത് അടിവരയിടുന്നത്.

ems 1

ഇഎംഎസിന്‍റെ ഒരു കത്തും മലയാളികൾക്കിടയിൽ ഇതുപോലെ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ചാലയിലെ ഒരു തുണി വ്യാപാരിക്ക് നൽകിയ കത്താണത്. അടുത്തമാസം ശമ്പളം കിട്ടുമ്പോൾ പണം തരാമെന്നും അതുവരെ ആ തുക കടമായി പരിഗണിച്ച് മകൾക്ക് സാരി നൽകണമെന്നും അഭ്യർത്ഥിക്കുന്ന കത്താണത്. സിപിഎം നേതാക്കളുടെയും കുടുംബങ്ങളുടെയും സമ്പന്നതയും ധൂർത്തും ചർച്ചാ വിഷയമാകുന്ന സമയത്തായിരുന്നു ഈ​ കത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

ലളിത ജീവിതത്തിന്‍റെ  ഉദാഹരണമായും രാഷ്ട്രീയ തന്ത്രജ്ഞനായും ഇരുപത് വർഷങ്ങൾക്കു ശേഷവും മലയാളിക്ക് ഉയർത്തിക്കാട്ടാൻ കഴിയുന്ന പേര് ‘ഇഎംഎസ്’ എന്നതു മാത്രമായിരിക്കുന്നു.

പ്രശസ്ത ഫൊട്ടോഗ്രാഫറും മലയാള മനോരമ ദിനപത്രത്തിലെ ഫൊട്ടോ എഡിറ്ററുമായ ബി.ജയചന്ദ്രൻ എഴുതിയ ലേഖനത്തിൽ ആ ലാളിത്യത്തിന്‍റെ  മറ്റൊരു മുഖം എടുത്തെഴുതിയിട്ടുണ്ട്. വർഷത്തിലൊരിക്കൽ പാർട്ടി ഇഎംഎസിനും ഭാര്യയ്ക്കും രണ്ട് ജോഡി വസ്ത്രം വാങ്ങി കൊടുക്കും. അതായിരുന്നു ഒരു വര്‍ഷത്തേക്ക് അവര്‍ക്ക് ആകെയുള്ള വസ്ത്രം. എഴുതിയും മറ്റും ലഭിക്കുന്ന പണം പാർട്ടി ഓഫീസിലേയ്ക്ക് കൊടുത്ത് അയക്കുന്ന ഇഎംഎസിനെ കുറിച്ചും ജയചന്ദ്രൻ ഞായറാഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ ഓർമ്മിക്കുന്നു.

ems 2

കക്ഷിരാഷ്ട്രീയത്തിന്‍റെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെയും മതനിരപേക്ഷ നിലപാടുകളുടെയും നീക്കുപോക്കുകളും ഒഴുക്കും ചുഴിയും നന്നായി അറിയാവുന്ന നേതാവായിരുന്നു ഇഎംഎസ്.

സൈദ്ധാന്തിക സംഭാവനകളല്ല, മുന്നണി രാഷ്ട്രീയത്തിലെ ചതുരുപായങ്ങളിലെ മാന്യമായ കരുനീക്കങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ തെളിമയാർന്ന രാഷ്ട്രീയ ജീവിതത്തിന് മുതല്‍ക്കൂട്ടായത്. അധികാരത്തിലേയ്ക്കുളള​ കരുനീക്കങ്ങളിൽ വിജയിച്ചാലും പരാജയപ്പെട്ടാലും അതിനെ വിക്ഷോഭങ്ങളില്ലാതെ മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നത് ഈ തെളിമ കൊണ്ടായിരുന്നു. കാലുഷ്യത്തിന് പകരം അടുത്ത സാധ്യതയെ കുറിച്ചുളള അന്വേഷണമാണ് അദ്ദേഹം ഇപ്പോഴും നടത്തിക്കൊണ്ടിരുന്നത്.

ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ അദ്ദേഹത്തിന്‍റെ സൂക്ഷ്മബുദ്ധി വളരെ കൃത്യതയോടെ പ്രവർത്തിച്ചിരുന്നു. ഋജുവായ വാക്കുകളും അവയുടെ അന്തരാർത്ഥങ്ങളിലേയ്ക്ക് ഒഴുകിയെത്തുന്ന പ്രായോഗികതയും സമന്വയിക്കുന്ന രാഷ്ട്രീയ പാടവം കാഴ്ച വച്ചിടുണ്ട് ഇഎംഎസ്. ഇത് അദ്ദേഹത്തിന്‍റെ പാർട്ടിക്കും മുന്നണിക്കും മാത്രമല്ല, മതനിരപേക്ഷ കേരളത്തിനേയും കാര്യമായ മുറിവേൽക്കുന്നതിൽ നിന്നും പലപ്പോഴും രക്ഷ നേടുന്നതിന് സഹായിച്ചിരുന്നു.

ems 3

അദൃശ്യമായ ‘ഇസ്‌ലാമോഫോബിയ’ കൊണ്ട് നടക്കുന്ന മലയാളി ഇടതുപക്ഷ ബോധത്തെ പോലും പിടിച്ചുലയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുഖ്യധാര മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ അയിത്തം കൽപ്പിച്ച് മാറ്റി നിർത്തിയിരുന്ന കാലത്താണ് ഇബ്രാഹിം സുലൈമാൻ സേട്ട്, അബ്ദുൾ നാസർ മഅ്ദനി എന്നിവരെ കുറിച്ച് ഇഎംഎസ് നിലപാട് സ്വീകരിക്കുന്നത്. മുസ്‌ലിം രാഷ്ട്രീയ പാർട്ടികൾ അവരുടെ കാര്യം പരിഗണിക്കുന്നത് പോലും രണ്ടായിരാമാണ്ടിന്‍റെ ആദ്യ ദശകം അവാസനിക്കാറാകുമ്പോഴാണ് എന്നോർമ്മിക്കണം.

രാഷ്ട്രീയ നീക്കുപോക്കുകളുടെ കണക്കിലെ കളിയായിട്ടല്ല​ ഇഎംഎസ് അന്ന് അങ്ങനെ എഴുതിയത് എന്നാണ് പിന്നീടുളള കേരളത്തിലെ രാഷ്ട്രീയ ഗതിവിഗതികൾ കാണുമ്പോൾ മനസ്സിലാകുന്നത്.

മതവും രാഷ്ട്രീയവും മുസ്‌ലിം സമുദായവും മുസ്‌ലിം നേതാക്കളും രാഷ്ട്രപിതാവും ഒക്കെ കടന്നുവന്ന ആ ദേശാഭിമാനി, ചിന്ത ലേഖനങ്ങൾ മലയാളി പൊതുബോധത്തെയും ഇടതുപക്ഷത്തെയും തീവ്രമായി ബാധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ  നിലപാടുകള്‍ മുഖ്യധാര മാധ്യമങ്ങളുൾപ്പടെ അദ്ദേഹത്തിനെതിരെ വാളെടുക്കാൻ വഴിയൊരുക്കി. അദ്ദേഹത്തിന്‍റെ  പാർട്ടിയായ സിപിഎമ്മും പ്രതിക്കൂട്ടിലായി. പാർട്ടി ജനറൽ സെക്രട്ടറിയായ ഹർകിഷൻ സിങ് സുർജിത്ത് കേരളത്തിൽ വന്ന് പാർട്ടി നിലപാട് വിശദീകരിക്കുകയും ഇഎംഎസിന്‍റെ  നിലപാടിനെ തളളിപറയുകയും ചെയ്തു. പക്ഷേ, ചരിത്രത്തിന്‍റെ  ഒഴുക്കിൽ ഇഎംഎസ് പറഞ്ഞ നിലപാടിലേയ്ക്ക് ഈ വിഷയത്തിൽ തൽക്കാലത്തേയ്ക്ക് എങ്കിലും എത്തേണ്ടി വന്നു കേരളത്തിലെ മതനിരപേക്ഷ പാർട്ടികൾക്ക് എന്നത് വസ്തുതയായി നിലനിൽക്കുന്നു.

മാർക്സിയൻ ദർശനം, ചരിത്രം, സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിലുളള കാഴ്ചപ്പാടുകൾ എന്നിവയിലൊക്കെ ഇഎംഎസിനോട് വിയോജിപ്പുകൾ ഉന്നയിക്കപ്പെടുമ്പോഴും കേരളത്തിന്‍റെ വർത്തമാന കാലത്തും ഇഎംഎസ് എന്ന പേര് അപ്രസക്തമാകുന്നില്ല. എതിർത്താണെങ്കിലും അനുകൂലിച്ചാണെങ്കിലും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ എന്ന പോലെ തന്നെ കഴിഞ്ഞ 20 വർഷവും അദ്ദേഹം കേരളത്തിന്‍റെ  വ്യത്യസ്ത വ്യവഹാര മണ്ഡലങ്ങളിലെ സാന്നിദ്ധ്യമാകുന്നു.

ചിത്രങ്ങള്‍: ഫെയ്സ്ബുക്ക്‌

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.