scorecardresearch

“അടിയന്തിരാവസ്ഥയും അതിനെതിരായ പോരാട്ടവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം”

“മുഖമന്ത്രി ഉൾപ്പടെ അടിയന്തരാവസ്ഥക്കാലത്തെ പീഡനമനുഭവിച്ചവർ ഭരിക്കുമ്പോഴെങ്കിലും അടിയന്തരാവസ്ഥ പോരാട്ടത്തോട് നീതി പുലർത്തണം”

emergency, pinarayi vijayan, protest

തിരുവനന്തപുരം: അടിയന്തിരാവസ്ഥയിലെ തടവുകാരെ രാഷ്ട്രീയതടവുകാരായി അംഗീകരിക്കുക എന്നതുൾപ്പടെയുളള ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുളള അടിയന്തിരാവസ്ഥ തടവുകാർ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. അടിയന്തരാവസ്ഥക്കാലത്ത് പീഡനമനുഭവിച്ച നാല് പേർ മന്ത്രിമാരായിരിക്കുമ്പോഴെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ പോരാളികളെയും അവരുടെപോരാട്ടത്തെയും അംഗീകരിക്കണമെന്ന് അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപനസമിതി കൺവീനർ പി സി ഉണ്ണിച്ചെക്കൻ ആവശ്യപ്പെട്ടു.

അടിയന്തിരാവസ്ഥയ്ക്കെതിരായ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കുക, സ്വാതന്ത്ര്യ സമര സേനാനികളായി പരിഗണിച്ച് അംഗീകരിക്കുക, പെൻഷൻ നൽകുക, അടിയന്തരാവസ്ഥയെ കുറിച്ചുളള​ ചരിത്രം പാഠ്യവിഷയമാക്കുക, ശാസ്തമംഗലം പീഡന ക്യാമ്പ് ചരിത്ര സ്മാരകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നൂറ്റമ്പതിലേറെ അടിയന്തരാവസ്ഥ പോരാളികൾ സെക്രട്ടേറിയറ്റ് ധർണ നടത്താനെത്തിയത്.

ജനാധിപത്യത്തിന് ഭീഷണിയുയർത്തിയ അടിയന്തിരാവസ്ഥയെക്കതിരായ പോരാട്ടത്തെ അംഗീകരിക്കേണ്ടതുണ്ടെന്ന് സി പി എം നേതാവ് എം എം ലോറൻസ് അഭിപ്രായപ്പെട്ടു. ധർണയ്ക്ക് എത്താൻ കഴിയാതിരുന്ന ലോറൻസ് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുളളതെന്ന് ഉണ്ണിച്ചെക്കൻ അറിയിച്ചു. ഇന്ന് ജനാധിപത്യം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ തടവുകാരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ധർണയെ അഭിസംബോധന ചെയ്ത് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും മന്ത്രി ടി പി രാമകൃഷ്ണനും ഉൾപ്പെടയുളളവർ അടിയന്തരവാസ്ഥക്കാലത്ത് പീഡനവും ജയിൽ വാസവും അനുഭവിച്ചവരാണെന്ന് ഉണ്ണിച്ചെക്കൻ ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ പോരാട്ടത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഇടതുമുന്നണിയുടെ രൂപീകരണവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വളർച്ചയും അതിനാൽ തന്നെ ഇരട്ട ഉത്തരവാദിത്വമാണ് ​​അടിയന്തരാവസ്ഥ തടവുകാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ എൽ ഡി എഫ് സർക്കാരിനുളളതെന്നും അദ്ദേഹം പറഞ്ഞു.

എം. എസ് ജയകുമാർ ധർണ ഉദ്ഘാടനം ചെയ്തു. പി. വി. കുഞ്ഞേട്ടൻ, ധനവച്ചപുരം സുകുമാരൻ, എം ചന്ദ്രൻ, അഷ്റഫ്, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
അടിയന്തരാവസ്ഥക്ക് എതിരായ സമരം രണ്ടാം സ്വാതന്ത്യ സമരമായി പ്രഖ്യാപിക്കണമെന്നും, അതില്‍ പങ്കെടുത്തവരെ മാന്യമായി ആദരിക്കുകയും വേണമെന്ന ന്യായമായ ആവശ്യം ഇതുവരെ നിറവേറ്റപ്പെട്ടില്ല. അടിയന്തിരാവസ്ഥയും അതിനെതിരായ സമരവും പഠനവിഷയമായി ഉള്‍പ്പെടുത്തണമെന്നും അടിയന്തരാവസ്ഥയിലെ തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യവും ഇപ്പോഴും ബാക്കിനില്‍ക്കുന്നു. ശാസ്തമംഗലംപോലെ കിരാതമായ പീഡനകേന്ദ്രത്തെ ഭരണകൂട തേര്‍വാഴ്ചയുടെ ഉദാഹരണമെന്ന നിലയിൽ, വരും തലമുറകളെ ഓര്‍മിപ്പിക്കുന്നതിനുവേണ്ടി ഒരു ചരിത്രസ്മാരകമാക്കി നിലനിര്‍ത്തണമെന്ന ആവശ്യവും ഇപ്പോഴും നിലനില്‍ക്കുകയാണെന്നും നേരത്തെ സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നുവെന്ന് ധർണയിൽ പങ്കെടുത്തവർ പറഞ്ഞു.
നേരത്തെ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു. സക്കറിയ, സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള, ബി.രാജീവൻ, സാവത്രി രാജീവൻ, നജ്മൽ ബാബു (ടി.എന്‍. ജോയ്), എന്‍.എസ്സ്. മാധവന്‍, പി. എൻ. ഗോപീകൃഷ്ണൻ, സി.എസ്സ്. വെങ്കടേശ്വരന്‍, റിയാസ് കോമു തുടങ്ങി മലയാളിയുടെ സാംസ്‌ക്കാരിക സ്വത്വത്തെ സമ്പന്നമാക്കുന്ന നിരവധി വ്യക്തിത്വങ്ങൾ ഈ ആവശ്യങ്ങൾ നിരന്തരമായി ഉന്നയിക്കുകയാണെന്നുളള വസ്തുത സർക്കാർ ഓർമ്മിക്കണമെന്നും അടിയന്തരാവസ്ഥ തടവുകാർ അഭിപ്രായപ്പെട്ടു.

അടിയന്തരാവസ്ഥയിലെ ക്രൂരമായ പീഢനത്തെ അതിജീവിച്ച വ്യക്തികളിലൊരളായ പിണറായി വിജയൻ സംസ്ഥാന മുഖ്യമന്ത്രിയാണെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരാവസ്ഥക്കെതിരായ സമരത്തെ രണ്ടാം സ്വാതന്ത്യസമരമായി പ്രഖ്യാപിക്കണമെന്ന ജനാധിപത്യവിശ്വാസികളുടെ ആവശ്യത്തിനുനേരെ കണ്ണടക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതി ജൂൺ 26-നു സെക്രട്ടേറിയേറ്റിനു സമ്മേളനം നടത്തിയത്. ഈ പ്രതിഷേധം ഒരു ഓര്‍മപ്പെടുത്തൽ മാത്രമല്ല. അടിയന്തരാവസ്ഥക്കു സമാനമായ വര്‍ത്തമാനസാഹചര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടിയാണ്. കേരളത്തിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും നേരിട്ടും, അല്ലാതെയും ഈ പ്രതിഷേധത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുമെന്ന പ്രതീക്ഷയോടെ അടിയന്തരാവസ്ഥയുടെ 42ആം വാര്‍ഷികത്തെ ഓര്‍മിക്കേണ്ടതെന്നും അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Emergency struggle against the dark days should be the part of curriculum