തിരുവനന്തപുരം: പൊതുസ്ഥലത്തോ സ്‌കൂൾ അസംബ്ലിയിലോ ഒരു കുട്ടിയെ അപമാനിക്കുന്നത് കുട്ടികളുടെ അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നും ഇത് കുറ്റമായി കണക്കാക്കണമെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ.
ഒരു പ്രത്യേക ഹെയർസ്റ്റൈൽ സ്വീകരിച്ചതിന് സ്‌കൂൾ അസംബ്ലിയിൽ മറ്റുള്ളവരുടെ മുന്നിൽ വച്ച് ഒമ്പത് വയസുകാരനെ അപമാനിച്ചുവെന്നാരോപിച്ച് വയനാട് ജില്ലയിലെ ഒരു സ്‌കൂളിനെതിരെ നൽകിയ പരാതിയിലാണ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു സ്കൂളുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ, സിബിഎസ്ഇ റീജിയണൽ ഡയറക്ടർ, ഐസിഎസ്ഇ സെക്രട്ടറി എന്നിവർക്ക് നിർദേശം നൽകി.
മറ്റ് കുട്ടികൾക്ക് മുന്നിൽ ഒരു കുട്ടിയെ അപമാനിച്ചാൽ കുറ്റവാളികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് സമിതി പറഞ്ഞു. “ഒരു കുട്ടിയെ പരസ്യമായി അപമാനിക്കുന്നത് മാനസിക വിഷമം സൃഷ്ടിക്കുകയും ഒരു കുട്ടിയുടെ ആത്മാഭിമാനം കുറയ്ക്കുകയും ചെയ്യും, ഇത് അവന്റെ അവകാശങ്ങളുടെ കടുത്ത ലംഘനമാണ്, ഇത് കുറ്റകരമാണ്,” കെ നസീർ, ബി ബബിത എന്നിവരടങ്ങുന്ന പാനൽ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
“ഒരു പ്രത്യേക ഹെയർസ്റ്റൈൽ സ്വീകരിച്ച മൂന്നാം ക്ലാസുകാരനെ 800 അംഗങ്ങളുള്ള സ്‌കൂൾ അസംബ്ലിയിൽ അപമാനിക്കുകയും മൂന്ന് ദിവസത്തേക്ക് പുറത്താക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സ്ഥാപനത്തിന്റെ അച്ചടക്കം ഉറപ്പുവരുത്താൻ സ്കൂൾ പ്രിൻസിപ്പളിന് അധികാരമുണ്ടെങ്കിലും ചെയ്ത തെറ്റിന്റെ വ്യാപ്തി മനസിലാക്കിയേ ശിക്ഷ നൽകാവൂ എന്നും ബാലാവകാശ കമ്മീഷൻ പ്രസ്താവിച്ചു.