കൊച്ചി: മൂന്നാര്‍ കന്നിമല സ്വദേശികളായ പളനിസ്വാമിയും ഭാര്യയും രാത്രി ഉണര്‍ന്നത് വാതിലില്‍ നിര്‍ത്താതെ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്. അര്‍ധരാത്രി മോഷ്ടിക്കാനെത്തിയ കള്ളന്മാരാണോ അതോ അയല്‍ക്കാര്‍ വല്ലവരും എന്തെങ്കിലും ആവശ്യത്തിനെത്തിയതാണോയെന്ന് ആദ്യമൊന്നു സംശയിച്ചു. ഒടുവില്‍ ലൈറ്റിട്ടശേഷം വാതില്‍ തുറന്ന പളനിസ്വാമിയും ഭാര്യ മുകുന്ദലക്ഷ്മിയും ഞെട്ടിപ്പോയി. വാതിലിനു മുന്നില്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി രണ്ടു കാട്ടാനകള്‍.

കടകളും ബേക്കറികളും റെയ്ഡു ചെയ്ത് ബേക്കറി സാധനങ്ങളും പഴങ്ങളും അകത്താക്കുന്നതു പതിവാക്കിയ മൂന്നാറിലെ കാട്ടാനകള്‍ തങ്ങളുടെ സ്ഥിരം പരിപാടിക്കിറങ്ങിയതായിരുന്നു രാത്രിയില്‍. ആദ്യമൊന്നു പകച്ചെങ്കിലും ഇരുവരും വീടിനുള്ളിലേക്ക് ഓടി ശബ്ദമുണ്ടാക്കി. ഒടുവില്‍ അയല്‍വാസികളുമെത്തിയതോടെ ആനകള്‍ പതിയെ പിന്തിരിഞ്ഞു. പോകുന്ന വഴിക്കു കണ്ട കന്നിമല സ്വദേശിയായ കന്നിയപ്പന്റെ പലചരക്കു കട തകര്‍ക്കാനും ഒരു ശ്രമം നടത്തി. കട തകര്‍ക്കാനായില്ലെങ്കിലും പലചരക്ക് കടയുടെ ഗ്ലാസ്സുകള്‍ തകര്‍ത്തശേഷം ആനകള്‍ പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മൂന്നു തവണ ഈ പലചരക്കുകട ആക്രമിക്കാന്‍ ആനകള്‍ ശ്രമിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍.

അതേസമയം തുടര്‍ച്ചായി ആനകള്‍ സ്വൈര്യവിഹാരം നടത്തുമ്പോള്‍ പേടിച്ചു കഴിയേണ്ടി വരുന്നത് പാവപ്പെട്ട പ്രദേശവാസികളാണ്. രണ്ടാഴ്ചമുമ്പ് കന്നിമലയില്‍ ബേക്കറി തകര്‍ത്ത കാട്ടാനകള്‍ കടയില്‍ സൂക്ഷിച്ചിരുന്ന പഴങ്ങളും പലഹാരങ്ങളും ഉള്‍പ്പടെയുള്ളവ അകത്താക്കിയ ശേഷമാണ് മടങ്ങിയത്. ബേക്കറി ആക്രമിച്ച ശേഷം ആനകള്‍ തൊട്ടടുത്ത കടയും ആക്രമിച്ചപ്പോള്‍ അടുക്കളയുടെ സ്‌ളാബിനടയില്‍ കയറിയിരുന്നാണ് കടയുടമയായ രാജകുമാരി രക്ഷപെട്ടത്. മൂന്നാര്‍- മറയൂര്‍ റൂട്ടില്‍ കാട്ടാനകളുടെ സാന്നിധ്യവും ആക്രമണവും നിത്യസംഭവമാണെന്നു പ്രദേശവാസികള്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.