തൃശ്ശൂർ: തിരുവമ്പാടി ദേവസ്വത്തിലെ ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു. ഇന്ന് പുലർച്ചെ 3.30 നായിരുന്നു ആന ചരിഞ്ഞത്. എരണ്ടകെട്ട് ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു ആന.

തിരുവമ്പാടി ദേവസ്വത്തിലെ ഏറ്റവും ലക്ഷണമൊത്ത ആനയായിരുന്നു ശിവസുന്ദർ. ശിവസുന്ദറിന് ആരാധകരും ഏറെയാണ്. ഒന്നര പതിറ്റാണ്ട് കാലമായി തിരുവമ്പാടി ക്ഷേത്രത്തിന്റെ തിടമ്പേറ്റിയിരുന്ന ശിവസുന്ദർ തൃശ്ശൂർ പൂരത്തിലെ വലിയ ആകർഷണമായിരുന്നു. ആനയുടെ വിയോഗം ആനപ്രേമികളെയാകെ ദു:ഖത്തിലാഴ്ത്തി.

അഴകിന്റെ തമ്പുരാൻ എന്നറിയപ്പെടുന്ന ആനയെ കുറിച്ച് ഒരു ഡോക്യു-ഫിക്ഷൻ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. പൂക്കോടൻ ശിവൻ എന്നായിരുന്നു ആനയുടെ പഴയ പേര്. എന്നാൽ 2003 ൽ തിരുവമ്പാടി ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയതോടെ തിരുവമ്പാടി ശിവസുന്ദർ എന്ന പേര് സ്വീകരിച്ചു.

സഹ്യവനത്തിൽ നിന്നും പിടിച്ച് സംസ്ഥാന സർക്കാർ ലേലത്തിന് വച്ച ആനയാണിത്. തൃശ്ശൂർ പൂരത്തിന് പുറമേ ആറാട്ടുപുഴ പൂരം, നെന്മാറ വേല, ഉത്രാളിക്കാവ് പൂരം, കൂടൽമാണിക്യ ക്ഷേത്രം ഉത്സവം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ ഉത്സവത്തിലെ പ്രധാന താരമായിരുന്നു ശിവസുന്ദർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ