തൃശ്ശൂര്‍: ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് തൃശ്ശൂരിൽ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്.   കണ്ണൂര്‍ സ്വദേശി ബാബുവാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ക്ഷേത്രോത്സവത്തിന് എത്തിയ ആനയെ ഗൃഹപ്രവേശനത്തിന് മോടി കൂട്ടാൻ എത്തിച്ചപ്പോഴാണ് പടക്കം പൊട്ടിയ ശബ്ദം കേട്ട് ആന വിരണ്ടോടിയത്.  ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. സമീപത്തെ പറമ്പിൽ പടക്കം പൊട്ടിയ ശബ്ദം കേട്ട് പരിഭ്രാന്തനായി ഓടിയ ആന അടുത്ത് നിൽക്കുകയായിരുന്ന ബാബുവിനെ ചവിട്ടുകയായിരുന്നു.

കുടുംബസുഹൃത്തിന്റെ ഗൃഹപ്രവേശനത്തിനായാണ് ബാബു ഗുരുവായൂരിൽ എത്തിയത്. ആനയെ വീട്ടിന് മുൻപിൽ തളച്ച സമയത്ത് നിരവധിയാളുകളാണ് വീടിന് മുന്നിൽ തടിച്ചുകൂടിയത്. ആനയ്ക്ക് ഒപ്പം മേളക്കാരെയും വീട്ടുകാർ എത്തിച്ചിരുന്നു. ഇവരിൽ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റേതാണ് ആന. പകൽ 11 മണിക്കും മൂന്ന് മണിക്കും ആനയെ എഴുന്നളളിക്കരുതെന്ന് നിയമമുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന നാട്ടാനകളിൽ ഏറ്റവും കൂടുതൽ ഉയരമുളള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. അമ്പതിലേറെ വയസ് പ്രായമുളള ആനയ്ക്ക് ഒരു കണ്ണിന് കാഴ്ച തീരെയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.