തൃശ്ശൂർ: ഗുരുവായൂരിൽ ആന ഇടഞ്ഞോടിയ സംഭവത്തിൽ മരണം രണ്ടായി. കോഴിക്കോട് നരിക്കുനി അരീക്കൽ ഗംഗാധരനാണ് (60) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലായിരുന്നു. നേരത്തെ കണ്ണൂർ സ്വദേശി ബാബുവും കൊല്ലപ്പെട്ടിരുന്നു. തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്.

ക്ഷേത്രോത്സവത്തിന് എത്തിയ ആനയെ ഗൃഹപ്രവേശനത്തിന് മോടി കൂട്ടാൻ എത്തിച്ചപ്പോഴാണ് പടക്കം പൊട്ടിയ ശബ്ദം കേട്ട് ആന വിരണ്ടോടിയത്. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. സമീപത്തെ പറമ്പിൽ പടക്കം പൊട്ടിയ ശബ്ദം കേട്ട് പരിഭ്രാന്തനായി ഓടിയ ആനയുടെ അടുത്ത് നിൽക്കുകയായിരുന്ന ബാബുവിനെ ആന ചവിട്ടുകയായിരുന്നു.

Also Read: ആന ഇടയുന്നത് പതിവ്; തൃശ്ശൂരിൽ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് നാല് പേർ

ആനയുടെ പരാക്രമം കണ്ട് ഭയന്നോടുന്നതിനിടയില്‍ വീണാണ് ആളുകള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഗംഗാധരനെ ചാവക്കാട് രാജാ ആശുപത്രിയിലെത്തിച്ച ശേഷം തൃശൂർ അമല മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ രാത്രി ഗംഗാധരനും മരണപ്പെട്ടു. സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് എത്തിയതാണ് ഇരുവരും.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റേതാണ് ആന. പകൽ 11 മണിക്കും മൂന്ന് മണിക്കും ആനയെ എഴുന്നളളിക്കരുതെന്ന് നിയമമുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന നാട്ടാനകളിൽ ഏറ്റവും കൂടുതൽ ഉയരമുളള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. അമ്പതിലേറെ വയസ് പ്രായമുളള ആനയ്ക്ക് ഒരു കണ്ണിന് കാഴ്ച തീരെയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.