ശബരിമല: ആറാട്ടിനായി ശബരിമലയിൽ എത്തിച്ച ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാന് വീണ് പരുക്കേറ്റു. ചിതറിയോടിയ ഭക്തർക്കും വീഴ്ചയിൽ പരുക്കേറ്റിട്ടുണ്ട്. പമ്പയിൽ നിന്ന് രാവിലെ തിടമ്പുമായി ഘോഷയാത്ര നടക്കുന്നതിനിടെ മരക്കൂട്ടത്ത് എത്തിയപ്പോഴാണ് ആന ഇടഞ്ഞത്.

ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാൻ കൃഷ്ണകുമാറിന് പരുക്കേറ്റത്. ഇയാളുടെ കാലൊടിഞ്ഞു. ആനപ്പുറത്ത് തിടമ്പുമായി ഇരുന്ന തൃശൂർ സ്വദേശി ദിനേശനും പരുക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന ഇടഞ്ഞതറിഞ്ഞ് പരിഭ്രാന്തരായി ഓടിയ ഭക്തജനങ്ങൾക്കാണ് വീണ് പരുക്കേറ്റത്. പത്തിലധികം പേർക്ക് ഈ അപകടത്തിൽ പരുക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇടഞ്ഞ ആന വനത്തിനുളളിലേക്കാണ് ഓടിയത്. ആനയെ പിന്നീട് തളച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ