/indian-express-malayalam/media/media_files/uploads/2018/06/peelandi.jpg)
അട്ടപ്പാടി: അട്ടപ്പാടിയിൽ നിന്ന് വനം വകുപ്പ് പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിലെത്തിച്ച കാട്ടാനയാണ് 'പീലാണ്ടി'. അട്ടപ്പാടിക്കാർക്ക് പീലാണ്ടി ദൈവമാണ്. ആ വിശ്വാസം പിൻപറ്റിയാണ് ഫോറസ്റ്റുകാർ പിടികൂടി ആന പരിശീലന കേന്ദ്രത്തിലെത്തിച്ച പീലാണ്ടിയെ കാണാൻ ആദിവാസി ഊരിലെ 11 കുട്ടികളടക്കം 54 പേർ പഴവും ശർക്കരയുമായി കോടനാടെത്തിയത്. പീലാണ്ടിയുടെ ഓർമ്മയ്‌ക്കു വേണ്ടി വീടുകളിൽ മൺരൂപങ്ങളുണ്ടാക്കി ആരാധിക്കുന്നവർ അട്ടപ്പാടിയിലുണ്ട്.
ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 'പീലാണ്ടിയെ വനം വകുപ്പ് കോടനാട് ചന്ദ്രശേഖരനെന്ന് പുനർനാമകരണം ചെയ്‌തു. എന്നാൽ അട്ടപ്പാടിക്കാരുടെ പീലാണ്ടിയെ പീലാണ്ടിയായി തന്നെ നിലനിർത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നൽകിയിട്ടുണ്ട്.
പീലാണ്ടിയെക്കുറിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. പീലാണ്ടിയെന്നു കേട്ടാല്‍ നാട്ടുകാര്‍ വിറയ്‌ക്കുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും പാലക്കാട് അട്ടപ്പാടി വനമേഖലയിലും നാട്ടിന്‍പുറത്തുമായി ഒന്‍പത് പേരെയാണ് ഈ കൊമ്പന്‍ കൊന്നതെന്നും പ്രചാരണം ഉണ്ടായി. ആദ്യം ജീവനെടുത്തത് ആദിവാസിക്കുടിയിലെ പീലാണ്ടിയെന്ന ആളെയായതിനാലാണ് ആ പേര് ആദിവാസികള്‍ ഇവനു നല്‍കിയതെന്നും കഥകളുണ്ട്. ഇവയൊക്കെ കേൾക്കുമ്പോഴും പീലാണ്ടി സാധുവാണെന്നാണ് കാടിന്റെ മക്കൾ പറയുന്നത്.
അട്ടപ്പാടിക്കാരുടെ പീലാണ്ടിയെ പീലാണ്ടിയായി നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് പാലക്കാട് സ്വദേശിയായ ബോബൻ മാട്ടുമന്തയാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്.
സവർണ്ണാധിപത്യത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് കേരളത്തിലെ ആനകളുടെ പേരുകളിലും കാലങ്ങളായി പ്രതിഫലിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള കോന്നി, കോടനാട് ആന പരിശീലന കേന്ദ്രത്തിലും, ഗുരുവായൂർ, കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെ കീഴിലുമുള്ള 70 ൽ അധികം ആനകളുടെ പേരുകളും ഇത്തരത്തിലാണ്. ​ പീലാണ്ടിയെ പീലാണ്ടിയായി നിലനിർത്തിയാൽ അതൊരു ചരിത്രമാവും. അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ അഭ്യർത്ഥിച്ചിട്ടുളളതായി ബോബൻ മാട്ടുമന്ത പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.