തൃശൂർ: മേയ് 11 മുതൽ കേരളത്തിൽ നടക്കുന്ന ഒരു പരിപാടികൾക്കും ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമകളുടെ സംഘടന. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ചാണ് ആന ഉടമകളുടെ നടപടി. ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് എലിഫ​​​ന്റ് ഓണേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ആനകളെ തൃശൂർ പൂരത്തിന് എത്തിച്ചാലും സംഘടനയ്ക്ക് കീഴിലുള്ള മറ്റ് സ്വകാര്യ ആനകളെ വിട്ടുനൽകില്ല എന്ന നിലപാടിലാണ് സംഘടന. തെച്ചിക്കോട്ട് രാമചന്ദ്രനെതിരായ വിലക്ക് പിൻവലിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു. വിലക്ക് നീക്കുന്നത് വരെ ബഹിഷ്കരണം തുടരുമെന്നും ആന ഉടമകളുടെ അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Also Read: തൃശൂര്‍ പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രിംകോടതി അനുമതി

മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചുവെന്ന് സംഘടന ഭാരവാഹികൾ ആരോപിച്ചു. ഉടമകൾ ആനകളെ പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും അവർ വ്യക്തമാക്കി. ഉത്സവം നാടിന്‍റെ ആഘോഷമാണെന്നും ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും ആന ഉടമകൾ പറഞ്ഞു.


(വീഡിയോ കടപ്പാട്: ഏഷ്യനെറ്റ് ന്യൂസ്)

തെച്ചിക്കോട്ട് രാമചന്ദ്രനെതിരായ വിലക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണെന്നും, ഉന്നത ഉദ്യോഗസ്ഥർ തെറ്റദ്ധരിപ്പിച്ചതിനാലാണ് വനം മന്ത്രി നേരത്തെ എടുത്ത നിലപാടിൽ നിന്ന് പിന്മാറിയതെന്നും ആന ഉടമകൾ ആരോപിച്ചു. ആന ഉടമകളെ സർക്കാർ മനപൂർവ്വം ഉപദ്രവിക്കുകയാണ്. തൃശൂർ പൂരം പ്രതിസന്ധിയിലാക്കുന്നതിന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Also Read: അക്രമ സ്വഭാവമുള്ള ആനയെ ഉത്സവത്തിന് എഴുന്നെള്ളിച്ചാലുള്ള ബുദ്ധിമുട്ട് വളരെ വലുതായിരിക്കും: വനംമന്ത്രി

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ കഴിഞ്ഞ ഏപ്രിൽ 25 നാണ് തീരുമാനിച്ചത്. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നീട്ടാനാണ് ജില്ലാ കളക്ടര്‍ ഏപ്രിൽ 25 ന് ഉത്തരവിറക്കിയത്. ഫെബ്രുവരി പത്തിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള വഴികള്‍ അടഞ്ഞു.

തൃശൂര്‍ പൂരത്തിന് വിളംബരമെന്നോണം നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുരനട തുറക്കുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇത്തവണ വിലക്ക് തുടരുകയാണെങ്കില്‍ ഈ ചടങ്ങില്‍ നിന്ന് തെച്ചിക്കോട്ടുകാവിനെ ഒഴിവാക്കേണ്ടി വരും. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍.

Also Read: ആനകളെ എഴുന്നെള്ളിക്കാന്‍ നാട്ടാന പരിപാലന ചട്ടവും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം: ഹൈക്കോടതി

കഴിഞ്ഞ ദിവസം ഉത്സവത്തിനു ആനയെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. കേരള നാട്ടാന പരിപാലന ചട്ടവും സുപ്രീം കോടതിയുടെ മാർഗനിർദേശവും അനുസരിച്ചു മാത്രമേ ആനകളെ എഴുന്നെള്ളിക്കാവൂ എന്ന് ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. സുപ്രീം കോടതി മാർഗനിർദേശം ലംഘിച്ചാൽ കർശന നടപടി ഉണ്ടാവുമെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി മാർഗനിർദേശം നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ തല ഉത്സവ സമിതികൾ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.