കൊച്ചി: മറയൂര്‍ പള്ളനാട് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കാട്ടുപോത്ത് അകത്തു വീണ സംഭവമുണ്ടായത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഇത്തവണ ഒരു കാട്ടുകൊമ്പനാണ് മൂന്നാര്‍ -മറയൂര്‍ റൂട്ടിലുള്ള പഴയകാട് ഡിവിഷനിലുള്ള ഒഴിഞ്ഞു കിടന്ന തൊഴുത്ത് താവളമാക്കിയത്. തുടക്കത്തില്‍ ഒരാവേശത്തിന് തൊഴുത്തിനുള്ളില്‍ കയറിപ്പറ്റിയെങ്കിലും ഇറങ്ങാനാവാതെയും വന്നു.
രാവിലെ തേയിലത്തോട്ടത്തില്‍ പണിക്കിറങ്ങിയ തൊഴിലാളികള്‍ ശബ്ദം കേട്ടു നോക്കുമ്പോള്‍ തൊഴുത്തിനുള്ളില്‍ ഒരു അപ്രതീക്ഷിത അതിഥി. കാട്ടുകൊമ്പനെ തൊഴുത്തിനുള്ളില്‍ കണ്ടതോടെ ആനയെക്കാണാന്‍ ആളുകള്‍ ഓടിക്കൂടി. തുടര്‍ന്നു പരാക്രമം കാട്ടിയ കൊമ്പന് തൊഴുത്തിന്റെ ഒരു വശം തകര്‍ത്ത് ‘ഇതൊക്കെ എന്ത്…’ എന്ന ഭാവത്തില്‍ പുറത്തേയ്ക്കു വന്നു. തൊഴുത്തിന്റെ ഒരു ഭാഗം തകര്‍ന്നെങ്കിലും ആനയ്ക്ക് അപകടം സംഭവിച്ചില്ലല്ലോയെന്ന ആശ്വാസത്തിലാണ് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും.

മറയൂരില്‍ തൊഴുത്തില്‍ അകപ്പെട്ട കാട്ടാന
2017 ഓഗസ്റ്റില്‍ അടിമാലി ടൗണിനു സമീപം നൂറാം കര ആദിവാസി കുടിയില്‍ ആള്‍ത്താമസമില്ലാത്ത പഴകിയ വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു വീണ് കാട്ടാന ചരിഞ്ഞിരുന്നു.
അതേസമയം, മൂന്നാറിലും മറയൂരിലുമെല്ലാം കാട്ടാനകള്‍ നാടു ചുറ്റാനിറങ്ങുമ്പോള്‍ വീടിനു പോലും ഇറങ്ങാനാവാത്ത അവസ്ഥയില്‍ മൂന്നാറിനു സമീപത്തുള്ള തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏഴു കാട്ടാനകളാണ് മൂന്നാറിനു സമീപമുള്ള കന്നിമല, പെരിയവര, കന്നിമല ടോപ്പ് എന്നിവിടങ്ങളിലെ തേയിലത്തോട്ടങ്ങളിലൂടെ മേഞ്ഞു നടക്കുന്നത്. ഇടയ്ക്കിടെ മൂന്നാറിന്റെ സ്വന്തമായ പടയപ്പയെന്ന കാട്ടാനയും ഈ പ്രദേശങ്ങളിലൂടെ റോന്തു ചുറ്റാറുണ്ട്.
Read More: മൂന്നാറിലെ കാട്ടുകൊമ്പൻ നാടു കാണാനിറങ്ങി, പടയപ്പയെ കണ്ട സന്തോഷത്തിൽ സഞ്ചാരികൾ
തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്കു സമീപമെത്തുന്ന കാട്ടാനകള്‍ ലയങ്ങള്‍ക്കു സമീപം തൊഴിലാളികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന വാഴകളും പച്ചക്കറികളും അകത്താക്കി മടങ്ങുകയാണ് പതിവ്. വീടുകള്‍ക്കു സമീപം പകലും രാത്രിയിലും കാട്ടാനകളുടെ സാന്നിധ്യമുള്ളതിനാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്നു തൊഴിലാളികള്‍ പറയുന്നു. വെള്ളിയാഴ്ച കന്നിമല ക്ഷേത്രത്തിനു സമീപമെത്തിയ കാട്ടാനകള്‍ ക്ഷേത്രത്തിനു സമീപത്തായി നിര്‍മിച്ച താല്‍ക്കാലിക ഷെഡും തകര്‍ത്താണ് മടങ്ങിയത്. രണ്ടു മാസം മുമ്പ് കന്നിമലയില്‍ ബേക്കറിയും കടകളും കാട്ടാന തകര്‍ത്തിരുന്നു. അന്നു വീടിനുള്ളിലെ സ്ലാബിനടിയില്‍ കയറി ഒളിച്ചാണ് അന്നു കടയ്ക്കുള്ളിലുണ്ടായിരുന്ന വീട്ടമ്മ കാട്ടാനയില്‍ നിന്ന് രക്ഷപെട്ടത്.

തേയിലത്തോട്ടത്തിലൂടെ മേഞ്ഞുനടക്കുന്ന പടയപ്പ
അതേസമയം, മൂന്നാറിലെത്തുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം കാട്ടാനകളുടെ സാന്നിധ്യം സന്തോഷം പകരുന്നതാണ്. പൊതുവേ ആളുകളെ ഉപദ്രവിക്കാത്ത കാട്ടാനയായ പടയപ്പ ഇപ്പോള്‍ മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ സ്ഥിരമായി സാന്നിധ്യമറിയിക്കുന്നുണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. ശല്യക്കാരായ കാട്ടാനകളെ പിടികൂടി ഉള്‍ക്കാടുകളില്‍ കൊണ്ടു പോയി വിടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെങ്കിലും ഇതു പ്രായോഗികമല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Read More: ‘പടയപ്പ’യ്ക്ക് പിന്നാലെ ‘ഗണേശ’നും മൂന്നാറിൽ ഒറ്റയാന്മാരുടെ വിളയാട്ടം; ചിത്രങ്ങൾ കാണാം
“കാട്ടാനകളെ പിടിച്ചു വനത്തിനുള്ളില്‍ വിട്ടാലും ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരുമെന്നുറപ്പാണ്”, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞയാഴ്ച മറയൂരിനു സമീപം തമിഴ്നാട് അതിര്‍ത്തിയിലുള്ള തടകം എന്ന സ്ഥലത്തുനിന്നു പിടികൂടി ടോപ്സ്ലിപ്പിനു സമീപമുള്ള വകയാര്‍ വനത്തിനുള്ളില്‍ വിട്ട ചിന്നത്തമ്പിയെന്ന കാട്ടാന അമ്പതു കിലോമീറ്ററിലധികം സഞ്ചരിച്ച് പൊള്ളാച്ചി-ആളിയാര്‍ റൂട്ടിലെ അംഗലക്കുറിച്ചി എന്ന ഗ്രാമത്തിലെ കൃഷിയിടങ്ങളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ശീലിച്ച പടയപ്പയെപ്പോലുള്ള കാട്ടാനകളെ പിടികൂടി മാറ്റുന്നത് പ്രായോഗികമല്ലെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.