/indian-express-malayalam/media/media_files/uploads/2018/09/elephant-1.jpg)
പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് ഭയത്തിന്റെ പുതപ്പ് വിരിക്കുമ്പോഴും മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്കും നാട്ടുകാർക്കും കൗതുക കാഴ്ചയാണ് കാട്ടാനകള്‍. മാട്ടുപ്പെട്ടി റൂട്ടിലെ പുല്‍മേടുകളിലും പരിസരങ്ങളിലും എപ്പോഴും കാട്ടാനകളുടെ സാന്നിധ്യവുമുണ്ട്. കാട്ടാനകളുടെ കുസൃതികൾ പലപ്പോഴും നാട്ടുകാർക്കും സഞ്ചാരികള്‍ക്കും കൗതുകം പകരാറുണ്ട്. മൂന്നാറിന്റെ സ്വന്തം കാട്ടാനയായ പടയപ്പയുടെ വീരകൃത്യങ്ങള്‍ ഇപ്പോഴും എല്ലാവരും പാടിനടക്കാറുണ്ട്.
എന്നാല്‍ കഴിഞ്ഞദിവസം പുല്‍മൈതാനത്ത് പശുക്കളോടൊപ്പം മേയാന്‍ കൊമ്പനെത്തിയതാണ് ഇപ്പോള്‍ സഞ്ചാരികള്‍ ആഘോഷമാക്കുന്നത്. മൂന്നാര്‍ കെഡിഎച്ച്പി കമ്പനിയുടെ പെരിയവര എസ്റ്റേറ്റിലെ പുല്‍മൈതാനത്താണ് കഴിഞ്ഞദിവസം കാട്ടുകൊമ്പനെത്തിയത്. മേച്ചിലിനടയില്‍ തങ്ങളേക്കാള്‍ വലിപ്പം കൂടിയ മറ്റൊരാളിന്റെ സാന്നിധ്യംകണ്ട് പശുക്കള്‍ ആദ്യമൊന്നു പകച്ചു. ആരായിരിക്കും ഈ പുതിയ അതിഥിയെന്നറിയാനുള്ള കൗതുകവുമായി പശുക്കള്‍ ആനയ്ക്കു ചുറ്റും ഒത്തുകൂടി.
ഇടയ്ക്ക് വിരട്ടി ഓടിച്ചാലോയെന്ന ഭാവവുമായി ഏതാനും പശുക്കള്‍ ഓടിയെത്തിയപ്പോള്‍ ഇതിലും വലിയ കളി കണ്ടവനാടാ ഞാനെന്ന ഭാവത്തില്‍ ആന തുമ്പിക്കൈ ഉയര്‍ത്തിയതോടെ ശൗര്യം വിട്ടു പശുക്കള്‍ സന്ധിചെയ്തതോടെ പിന്നെ കൊമ്പനോടൊപ്പം എല്ലാവരും ഒരുമിച്ച് മൈതാനത്ത്. ഒരു മണിക്കൂറിലധികം സമയം മൈതാനത്തു ചെലവഴിച്ച ശേഷമാണ് ആന കാട്ടിലേയ്ക്ക് മടങ്ങിയത്. കണ്ടു നിന്നവർക്കും കൗതുകമായി മാറുന്നതായി കാട്ടാനയുടെയും പശുക്കളുടെയും ഒരുമിച്ചുള്ള മേച്ചില്‍.
ഏതാനും മാസം മുമ്പ് മൂന്നാര്‍ കന്നിമല എസ്റ്റേറ്റ് മൈതാനത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നവരുടെ ഇടയിലേയ്ക്ക് 'പടയപ്പ'യെന്ന കാട്ടാനയെത്തിയിരുന്നു. കളിക്കാര്‍ പേടിച്ചു പിന്‍മാറിയെങ്കിലും ഏറെ നേരം പുല്‍മൈതാനത്തു ചെലവഴിച്ച ശേഷമാണ് അന്ന് കൊമ്പന്‍ കാട്ടിലേക്കു കയറിപ്പോയത്. നീലക്കുറിഞ്ഞി പൂക്കാലം കാണാനെത്തുന്ന സഞ്ചാരികള്‍ക്കു കൗതുകമായി ഇപ്പോള്‍ മൂന്നാര്‍ മാട്ടുപ്പെട്ടിയിലെ പുല്‍മേടുകളില്‍ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര സാന്നിധ്യമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.