കൊച്ചി: നാടുകാണാനിറങ്ങി അബദ്ധത്തില്‍ കിണറ്റില്‍ അകപ്പെട്ട ആനക്കുട്ടിയെ രക്ഷപ്പെടുത്തി. എട്ടുമണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. നേര്യമംഗലത്തിനു സമീപം പിണവൂര്‍ കുടിയിലാണ് സംഭവം.

ആനക്കൂട്ടത്തിനൊപ്പം ചുറ്റിത്തിരിഞ്ഞിരുന്ന കുട്ടിക്കൊമ്പന്‍ വഴിതെറ്റിയെത്തിയത് സ്വകാര്യ വ്യക്തിയുടെ റബര്‍തോട്ടത്തില്‍. ഒറ്റപ്പെട്ടതിന്റെ ആശങ്കയില്‍ ഓടുന്നതിനിടെ പൊട്ടക്കിണറ്റില്‍ വീഴുകയായിരുന്നു. നേര്യമംഗലം വനംവകുപ്പ് റേഞ്ചിന് കീഴിലെ പിണവൂര്‍കുടി വെളിയത്ത് പറമ്പ് കുര്യാക്കോസിന്റെ കിണറ്റിലാണ് കുട്ടിയാന വീണത്. ആന വീണ വിവരമറിഞ്ഞ സ്ഥലമുടമ ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

കാട്ടാനക്കുട്ടി കിണറ്റില്‍ അകപ്പെട്ടപ്പോള്‍

കിണറിനകം മുഴുവന്‍ ചെളി നിറഞ്ഞിരുന്നു. നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കിണറ്റില്‍ നിന്ന് കുട്ടിക്കൊമ്പനെ രക്ഷിക്കാനായത്. മണ്ണുമാന്തി യന്ത്രം എത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ തൂമ്പയും ഇളക്കുകമ്പിയും ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ചുതാഴ്ത്തുകയായിരുന്നു.

കരയിലെത്തിയ ഉടന്‍ തന്നെ കാട്ടാനക്കൂട്ടത്തെ തേടി കുട്ടിയാന കാട്ടിലേക്ക് ഓടിക്കയറിയെന്നു വനപാലകര്‍ വ്യക്തമാക്കി. കിണറ്റില്‍ എട്ടു മണിക്കൂറോളം കഴിഞ്ഞിട്ടും ആനക്കുട്ടിക്കു പരുക്കേറ്റിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇഞ്ചത്തൊട്ടി ഉരുളന്‍തണ്ണി ഫോറസ്റ്റര്‍ ടി.കെ. മുഹമ്മദ് അഷ്റഫ്, ബിഎഫ്ഒ ഉമ്മര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.