തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന് ഒഴുകുന്ന പെരിയാറിൽ ആനയുടെ മൃതശരീരം കണ്ടെത്തി. നേര്യമംഗലത്തിന് സമീപം പുഴയിലൂടെ ഒഴുകി വരുന്ന തരത്തിലാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്. ആന വെള്ളപ്പൊക്കത്തിൽപ്പെട്ടതായാണ് സംശയിക്കുന്നത്.
ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം ഇതുവരെ ആരംഭിച്ചിട്ടില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇത് എളുപ്പമല്ല.
ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കനത്ത മഴ തുടരുകയാണ്. ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. നാളത്തേക്ക് ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
പീരുമേട് ശക്തമായ മഴ തുടരുന്നുണ്ട്. ജില്ലയിലെ വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയരാൻ ഇതു കാരണമാകും. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.