scorecardresearch

കളിക്കളത്തിൽ കാട്ടാന, ഒറ്റയാന് മുന്നിൽ കാല് വിറച്ച് കളിക്കാർ

മൂന്നാറിലെ 'പടയപ്പ" എന്ന കാട്ടാനയാണ് ഫുട്‌ബോൾ കളിക്കിടയിലേയ്ക്ക് കയറി വന്നത്. പടയപ്പ ആരാധകരിപ്പോൾ കാട്ടാനയുടെ ഫുട്‌ബോൾ കളത്തിലേയ്ക്കുളള വരവിനെ കുറിച്ചാണ് ഇപ്പോൾ പാടി നടക്കുന്നത്

മൂന്നാറിലെ 'പടയപ്പ" എന്ന കാട്ടാനയാണ് ഫുട്‌ബോൾ കളിക്കിടയിലേയ്ക്ക് കയറി വന്നത്. പടയപ്പ ആരാധകരിപ്പോൾ കാട്ടാനയുടെ ഫുട്‌ബോൾ കളത്തിലേയ്ക്കുളള വരവിനെ കുറിച്ചാണ് ഇപ്പോൾ പാടി നടക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
padayappa wild elephant in football ground,

തൊടുപുഴ: ഫുട്ബോൾ മൈതാനത്തിലെ ആവേശമാർന്ന കളിക്കിടയിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു താരം. കളിക്കാരെ വിറപ്പിച്ച് താരം കളിക്കളം പിടിച്ചു. കളിക്കാർ ഓടി മാറി. മൂന്നാറിലെ കണ്ണൻ ദേവൻ കന്നിമല മൈതാനത്താണ് കഴിഞ്ഞ ദിവസം ഈ താരം കാട്ടിൽ നിന്നും നാട്ടിലേയ്ക്കിറങ്ങിയത്. ടാറ്റാ ഫിൻ ലേയുടെ സന്നാഹ മൽസരങ്ങൾക്കായി എസ്റ്റേറ്റിലെ രണ്ട് ടീമുകൾ തമ്മിലുള്ള മൽസരം നടക്കുന്നതിനിടയിലാണ് ഒറ്റയാൻ കൊമ്പുകുലുക്കി പന്ത് തട്ടാനെത്തിയത്.

Advertisment

നാട്ടുകാരെ ഉപദ്രവിക്കാതെയുളള 'വീരകൃത്യ'ങ്ങളുടെ പേരില്‍ പ്രശസ്തനായ മൂന്നാറിലെ പടയപ്പയെന്ന കാട്ടാനയാണ് കളിക്കളത്തിൽ എത്തിയത്.

മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനിയുടെ കന്നിമല എസ്റ്റേറ്റിലെ മൈതാനത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ ഫുട്‌ബോള്‍ സന്നാഹ മൽസരത്തിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി പടയപ്പയെത്തിയത്. കളിയുടെ ആവേശത്തില്‍ രണ്ടു ടീമുകളും പടയപ്പയുടെ സാന്നിധ്യം അറിഞ്ഞില്ല. കൊമ്പന്‍ മൈതാനത്തിനു നടുക്കെത്തിയ ശേഷമാണ് കളിക്കാര്‍ വിവരമറിഞ്ഞത്.  കളിയുടെ ആവേശത്തിനിടയിൽ ആന കയറിവന്ന ശേഷമാണ് കളിക്കാരുടെ ശ്രദ്ധയിൽ പെട്ടത്.   നിമിഷങ്ങളോളം കാല് വിറച്ച് പോയ കളിക്കാർ പിന്നീട  ഓടി രക്ഷപ്പെട്ടു. എന്നാൽ പടയപ്പ ഇതൊന്നും കാര്യമാക്കാതെ  മൈതാനത്ത്  കുറച്ചുസമയം ചെലവഴിച്ച ശേഷമാണ് കാട്ടിലേയ്ക്ക്  തിരികെ പോയി.

Read in English: When ‘Padayappa’ the wild elephant disrupted a football match in Munnar

Advertisment

മൂന്നാറിലെ കാട്ടാനകളില്‍ പൊതുവേ ശാന്തശീലനായ പടയപ്പ ഇടയ്ക്കിടെ പെതുസ്ഥലങ്ങളില്‍ സാന്നിധ്യമറിയിക്കുന്നതു പതിവാണെന്ന് പടയപ്പയുടെ ആരാധകര്‍ പറയുന്നു. ഫുട്‌ബോള്‍ മൽസരം കാണാനായാണ് ഇത്തവണ പടയപ്പയെത്തിയതെന്നും പടയപ്പയുടെ ആരാധകര്‍ പാടിനടക്കുന്നുണ്ട്. ഏതാണ്ട് ഒരു വര്‍ഷത്തോളം മൂന്നാറില്‍ നിന്ന് അപ്രത്യക്ഷനായിരുന്ന പടയപ്പ കഴിഞ്ഞ ഓണ നാളിലാണ് വീണ്ടും മൂന്നാറില്‍ തിരിച്ചെത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ പഴക്കട കൈയ്യേറി സാധനങ്ങള്‍ തിന്നു തീര്‍ത്ത ശേഷം ആളുകളെ ഉപദ്രവിക്കാതെ മടങ്ങുകയും ചെയ്തിരുന്നു പടയപ്പ. മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകള്‍ സജീവ സാന്നിധ്യവും നിരന്തര ശല്യവുമാണെങ്കിലും പടയപ്പയെന്ന കാട്ടാന സാധാരണ ആളുകളെ ഉപദ്രവിക്കുന്ന പതിവില്ലെന്നു നാട്ടുകാരും വനപാലകരും പറയുന്നു.

മൂന്നാറിലെ കാട്ടാനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള കാട്ടാനയ്ക്ക് പടയപ്പയെന്നു പേരു കിട്ടിയത് രജനീകാന്തിന്റെ പടയപ്പയെന്ന സിനിമ പുറത്തിറങ്ങിയ ശേഷമാണ്.

അക്രമണകാരിയല്ലാത്തതുകൊണ്ടുതന്നെ പടയപ്പയെ നാട്ടുകാര്‍ക്കും ഇഷ്ടമാണ്. എഴുപതുവയസോളം പ്രായമുണ്ടാകുമെന്ന് ആനപ്രേമികൾ പറയുന്നു. പടയപ്പയെ കാണാതായ സംഭവം മൂന്നാറിൽ ചര്‍ച്ചാ വിഷയമായിരുന്നു. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുള്ള പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്.

wild elephant,munnar, padayappa, ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഓണ നാളിൽ പടയപ്പ മൂന്നാറിൽ എത്തിയപ്പോൾ

ഒരിക്കൽ പടയപ്പ വരുന്നതു കണ്ട് കലുങ്കിനടിയില്‍ കാരറ്റ് ചാക്കുകള്‍ വച്ച ശേഷം കലുങ്കിനു സമീപത്ത് ഒളിച്ചിരുന്നു വഴിയോര കച്ചവടക്കാരി. കച്ചവടക്കാരിയെ ഉപദ്രവിക്കാതെ കാരറ്റുമുഴുവന്‍ അകത്താക്കി മടങ്ങിയതും 2001-ല്‍ ആദിവാസി പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തു മടങ്ങിയ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയുടെ വാഹനം മൂന്നാര്‍ നയമക്കാട് റോഡില്‍ തടഞ്ഞതുമെല്ലാം "പടയപ്പ"യുടെ വീരകൃത്യങ്ങളായി ആനപ്രേമികള്‍ പാടി നടക്കാറുണ്ട് ഇപ്പോഴും.

രണ്ട് മാസം മുമ്പ് ഡിസംബർ ആദ്യ വാരം മാട്ടുപ്പെട്ടി സ്വദേശിയായ സുധാകരന്റെ പെട്ടിക്കട തകര്‍ത്ത പടയപ്പ കടയ്ക്കുള്ളില്‍ വില്‍പ്പനയ്ക്കു സൂക്ഷിച്ചിരുന്ന ചോളവും മറ്റു പഴങ്ങളുമെല്ലാം മുഴുവന്‍ തിന്നു തീര്‍ത്ത ശേഷം റോഡില്‍ നിലയുറപ്പിച്ചു.

publive-image ഡിസംബറിൽ സുധാകരന്റെ പെട്ടിക്കട തകര്‍ത്ത പടയപ്പ കടയ്ക്ക് മുന്നിൽ

കടക്കാരനെ സംബന്ധിച്ചിടത്തോളം പടയപ്പ വലിയ നഷ്ടമാണുണ്ടാക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും ആവേശമായി മാറി ശാന്തനായ പടയപ്പയുടെ പ്രകടനം വിനോദ സഞ്ചാരികൾക്ക് ആവേശമായി മാറി. ചോളം തിന്നശേഷം ഒന്നര മണിക്കൂറോളം മാട്ടുപ്പെട്ടി റോഡില്‍ ആന നിലയുറപ്പിച്ചതോടെ മാട്ടുപ്പെട്ടി- ടോപ്‌സ്റ്റേഷന്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി മുടങ്ങുകയും ചെയ്തു. ഈ സമയമെല്ലാം വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സഞ്ചാരികള്‍ പടയപ്പയുടെ വികൃതികള്‍ കാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. പിന്നീട് ആറുമണിയോടെ പടയപ്പ കാട്ടിലേയ്ക്ക് പോയശേഷമാണ് അന്ന് ഗതാഗതം പുനഃസ്ഥാപിച്ചത്.

Munnar Elephant Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: