ഇടുക്കി: ജനവാസ മേഖലയില്‍ ഭീതിപടര്‍ത്തി കൃഷിയും വീടും തകര്‍ത്ത കാട്ടാനക്കൂട്ടത്തിലെ പിടിയാന കിണറ്റില്‍ തല കുത്തി വീണ് ചരിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് കൈതപ്പാറ സ്വദേശി കുളമ്പേല്‍ മാത്യുവിന്റെ വീട്ടിലെ കിണറ്റില്‍ വീണാണ് ആറ് വയസ് പ്രായമുള്ള ആന ചരിഞ്ഞത്. ശനിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.

സംഭവം നടക്കുമ്പോള്‍ ജോസഫും ഭാര്യയും കൊച്ചിയിലെ ബന്ധുവീട്ടിലായിരുന്നു. വീടും പശുതൊഴുത്തും കൃഷിയിടവും അടിച്ചു തകര്‍ത്ത് കടന്നുപോയ കാട്ടാനക്കൂട്ടത്തിലെ പിടിയാന സമീപത്തെ 15 അടിയോളം താഴ്ചയുള്ള ചുറ്റുമതിലില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. പുലര്‍ച്ചെ നാട്ടുകാരാണ് ആനയെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി ആനയെ കിണറ്റില്‍ നിന്ന് എടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.

കാട്ടാനക്കൂട്ടത്തിലെ ഒരംഗത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിനെ രക്ഷപ്പെടുത്തിയിട്ടേ മറ്റ് ആനകള്‍ മടങ്ങാറുള്ളൂ. ഇതിനിടയില്‍ കാട്ടാനക്കൂട്ടം അക്രമാസക്തമാവുകയും ചെയ്യും. പിടിയാന അപകടത്തില്‍പ്പെട്ടത് അറിയാതെ ആനക്കൂട്ടം പോയിരിക്കാമെന്നാണ് കരുതുന്നത്. അതിനാല്‍ ആനക്കൂട്ടം തിരികെ ഗ്രാമത്തിലെത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇതിനിടയില്‍ കനത്ത മഴ കൂടി പെയ്തതോടെ തികച്ചും ഒറ്റപ്പെട്ട നിലയിലാണ് കൈതപ്പാറ ഗ്രാമം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ