പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശിയായ വിൽസൺ ആണ് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയിൽ കൃഷി ചെയ്യുന്നയാളാണ് ഇയാള്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടാനകളെയും കാട്ടുപന്നികളെയും ഓടിക്കാൻ വീര്യം കുറഞ്ഞ സ്ഫോടകവസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞുവയ്ക്കുന്ന പതിവുണ്ട്. ഗർഭിണിയായ കാട്ടാന ചരിഞ്ഞത് സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ചാണ്. ഈ കർഷകനെ ചോദ്യം ചെയ്തുവരികയാണ്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടാനകളെ അകറ്റാനാണ് പൈനാപ്പിളിൽ സ്ഫോടകവസ്തു വച്ചതെന്നാണ് അറസ്റ്റിലായ കർഷകൻ പറഞ്ഞിരിക്കുന്നത്.
ആന ചരിഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് സംസ്ഥാനത്തോട് വിശദീകരണം തേടിയത്. കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
Read Also: വിഷം തുപ്പുന്ന വ്യക്തി; ബലാത്സംഗത്തെ ന്യായീകരിച്ച ആൾക്കെതിരെ പാർവതി
അതേസമയം, പാലക്കാട് മണ്ണാർക്കാട് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷപ്രചാരണം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ മലപ്പുറത്തെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അധിക്ഷേപ പരാമർശം നടത്തിയ മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റ് നേരത്തെ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചത്. ‘സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ’ എന്ന മനേക ഗാന്ധിയുടെ ട്വീറ്റാണ് വിവാദങ്ങൾക്ക് കാരണം.