തൊടുപുഴ: മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകളുടെ ദുരൂഹമരണങ്ങൾ തുടർസംഭവമാകുന്ന സാഹചര്യത്തിൽ ഇത് തടയാൻ വനംവകുപ്പ് നടപടികളെടുക്കാനൊരുങ്ങുന്നു. നാല് മാസങ്ങൾക്കുളളിൽ ആറ് കാട്ടാനകളാണ് ഇവിടെ ദുരൂഹമായി കൊല്ലപ്പെട്ടത്.

നാല് മാസങ്ങൾ പിന്നിട്ടിട്ടും ഇത് തടയാൻ നടപടികളുണ്ടാകുന്നില്ലെന്ന വിമർശനം ശക്തമായി ഉയർന്നിരുന്നു. കാട്ടാനകളുടെ ശ്മശാന ഭൂമിയായി മാറുന്ന മൂന്നാറില്‍ ഒടുവില്‍ ബദല്‍ നടപടികളുമായി വനംവകുപ്പ് രംഗത്തെത്തുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകള്‍ ചരിയുന്നത് തുടര്‍ക്കഥയായതോടെയാണ് കാട്ടാനകള്‍ കൊല്ലപ്പെടുന്നതു തടയാനുള്ള പദ്ധതികളുമായി വനംവകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. കാട്ടാനകള്‍ കൊല്ലപ്പെടുന്നതു തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമെന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ അടുത്ത ദിവസം മൂന്നാറില്‍ യോഗം വിളിച്ചിട്ടുണ്ട്.

മൂന്നാറിലെ തേയിലത്തോട്ടങ്ങളോടനുബന്ധിച്ചുള്ള പത്തും ഇരുപതും സെന്റ് സ്ഥലങ്ങളിലെ കൃഷിയാണ് പലപ്പോഴും തൊഴിലാളികള്‍ക്ക് അധിക വരുമാനം നല്‍കുന്നത്. എന്നാല്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണ്. കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടാനകളെ തുരത്താനാണ് പലപ്പോഴും വേലികളില്‍ വൈദ്യുതി കടത്തി വിടുന്നത്. കഴിഞ്ഞ ദിവസം ദേവികുളത്ത് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത് തോട്ടത്തിലെ വേലിയില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റായിരുന്നു. സ്ഥിരമായി കൃഷി നശിപ്പിക്കാനെത്തിയിരുന്ന കാട്ടാനയെ ഓടിക്കാനാണ് വീടിനുള്ളില്‍ നിന്നു ഹോള്‍ഡറും വയറും ഉപയോഗിച്ചു വേലിയിലേക്ക് വൈദ്യുതി കടത്തിവിട്ടതും ഇതില്‍ തട്ടിയ കാട്ടാന ചരിഞ്ഞതുമെന്നാണ് സംശയിക്കപ്പെടുന്നത്.

കാട്ടാനകള്‍ നിരന്തരം കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കണ്ണന്‍ദേവന്‍ കമ്പനിയുമായി സഹകരിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്ന് മൂന്നാര്‍ ഡിഎഫ് ഒ നരേന്ദ്രബാബു പറഞ്ഞു. കാട്ടാനകളെ ആക്രമിക്കുകയും വകവരുത്തുകയും ചെയ്യാന്‍ പാടില്ലെന്നും ഇത്തരത്തില്‍ ചെയ്യുന്നത് ഗുരുതര കുറ്റമാണെന്നും പ്രദേശവാസികളെ ബോധ്യപ്പെടുത്തുന്നതിലൂടെ കാട്ടനകള്‍ക്കു നേരെയുള്ള ആക്രമണം തടയാനാവുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. വര്‍ഷങ്ങള്‍ക്കു മുമ്പ് കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്ന പ്രദേശങ്ങളാണ് ഇപ്പോള്‍ ജനവാസകേന്ദ്രമായിട്ടുള്ളതെന്നും അതുകൊണ്ടുതന്നൈ കാട്ടാനകളെ പൂര്‍ണമായി ഒഴിവാക്കുകയെന്നതു പ്രായോഗികമല്ലെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

കാട്ടാനകളും മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരമാവധി കുറയ്ക്കാനുള്ള പദ്ധതികള്‍ക്കാണ് വനംവകുപ്പ് മുന്തിയ പരിഗണന നല്‍കുന്നതെന്നും അധികൃതര്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ നാലുമാസത്തിനിടെ ആറു കാട്ടാനകളാണ് മൂന്നാര്‍ മേഖലയില്‍ ചരിഞ്ഞത്. ജൂലൈ 25 ന് കെഡിഎച്ച്പി കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റില്‍ വച്ച്  ജെസിബി കൊണ്ടുള്ള അടിയേറ്റാണ് ചില്ലിക്കൊമ്പന്‍ എന്ന കാട്ടാന ചരിഞ്ഞത്. ഫാക്ടറിക്കുള്ളില്‍ കയറിയ കാട്ടാനയെ തൊഴിലാളികള്‍ ജെസിബി ഉപയോഗിച്ചു തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആനയ്ക്ക് മണ്ണുമാന്തി യന്ത്രത്തിന്റെ കൈകൊണ്ടുള്ള അടിയേറ്റത്. ഓഗസ്റ്റ് അഞ്ചിന് മൂന്നാറിനു സമീപമുള്ള തലയാര്‍ എസ്റ്റേറ്റില്‍ പിടിയാനയെ പാറയില്‍ നിന്നു വീണു ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് പത്തിനാണ് ചിന്നക്കനാലിലെ തച്ചങ്കരി എസ്റ്റേറ്റില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞത്. എസ്റ്റേറ്റിന്റെ ഗേറ്റില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നു ഷോക്കേറ്റായിരുന്നു കാട്ടാന ചരിഞ്ഞത്.

ഓഗസ്റ്റ് 20ന് അടിമാലിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം മുകളിലേക്കു വീണ് കാട്ടാന ചരിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഓഗസ്റ്റ് 22-ന് മൂന്നാറിലെ ചൊക്കനാട് എസ്റ്റേറ്റില്‍ പൂര്‍ണ ഗര്‍ഭിണിയായ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവിലായാണ് കഴിഞ്ഞദിവസം ദേവികുളത്ത് ഗര്‍ഭിണിയായ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.