കൂട്ടംതെറ്റി കുട്ടിയാന നാട്ടിലിറങ്ങി പിന്നെ സംഭവിച്ചത്- വീഡിയോ

നാട്ടിലിറങ്ങിയ കുഞ്ഞതിഥിയെ നാട്ടുകാരും സ്നേഹത്തോടെ വരവേറ്റു

wild elephant,idukki

തൊടുപുഴ: നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടി ആദ്യമൊന്നു പകച്ചു. പാഞ്ഞുവന്ന ഓട്ടോറിക്ഷയെ മറ്റൊരു ആനയായി കരുതിക്കാണണം. അതിനടുത്തേയ്ക്ക് ഒരു ഓട്ടം. പിന്നെ അമ്മയുടെ അടുത്തെന്നപോലെ ചേര്‍ന്നു നിന്നു. ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടപ്പോള്‍ അല്‍പ്പമൊന്നു ഭയന്നു. കുട്ടിയാനയെ കണ്ട നാട്ടുകാര്‍ക്കും ആദ്യമൊരു അമ്പരപ്പ്. എന്നാല്‍, എല്ലാം നിമിഷങ്ങള്‍കൊണ്ടു മാറി.

നാടുകാണാനിറങ്ങിയ കുട്ടിയാനയും കാണാനെത്തിയ നാട്ടുകാരും തമ്മില്‍ വളരെ വേഗം കൂട്ടായി. അപൂര്‍വ സൗഹൃദം കണ്ട് വാഹനങ്ങളെല്ലാം നിര്‍ത്തിയതോടെ ചിന്നക്കനാലില്‍ ചെറിയൊരു ആള്‍ക്കൂട്ടം. കഴിഞ്ഞ ദിവസമാണ് ചിന്നക്കനാല്‍ ടൗണില്‍ കൂട്ടംതെറ്റിയ കാട്ടാനക്കുട്ടിയെത്തിയത്.

ചെറിയ മഴപെയ്യുന്ന സമയത്താണ് കാട്ടാനക്കുട്ടി നാട്ടിലിറങ്ങിയത്. നാട്ടുകാരും വാഹനങ്ങളും നിൽക്കുന്ന റോഡിലൂടെ ആനക്കുട്ടി നടന്നു. ആളുകൾ കൗതുകത്തോടെയും നേരിയ ഭയത്തോടെയുമാണ് ആനക്കുട്ടിയെ സമീപിച്ചത്.  ഓട്ടോ, ജീപ്പ്, കാർ തുടങ്ങിയ വാഹനങ്ങളുടെയും ആളുകളുടെയും ഇടയിലേയ്ക്ക് ആനക്കുട്ടി ഓടി നടന്നു.

കാട്ടാനകളുടെ സ്ഥിരം താവളമായ ചിന്നക്കനാലിനു സമീപമുള്ള വെലക്കില്‍ നിന്നാണ് കാട്ടാനക്കുട്ടി വഴിതെറ്റി ടൗണിലെത്തിയത്. ടൗണില്‍ ചുറ്റിത്തിരിഞ്ഞു നടന്ന ആനക്കുട്ടിയെ ദേവികുളം റേഞ്ച് ഓഫീസര്‍ നിബു കിരണിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമെത്തി താല്‍ക്കാലികമായുണ്ടാക്കിയ കൂട്ടിലേക്കു മാറ്റി.

wild elephant
നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടിയെ വനംവകുപ്പ് കൂട്ടിലടച്ചപ്പോൾ

അഞ്ചുമാസത്തോളം പ്രായമുള്ള കാട്ടാനക്കുട്ടിക്കു ദ്രവരൂപത്തിലുള്ള ഭക്ഷണം വനപാലകര്‍ നല്‍കുന്നുണ്ട്. വഴിതെറ്റിയെത്തിയ കാട്ടാനക്കുട്ടിയെ കാട്ടാനക്കൂട്ടത്തിനൊപ്പം തിരിച്ചയക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം.

കൂട് കാട്ടാനകളുടെ സ്ഥിരം സഞ്ചാരപാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച കാട്ടാനക്കുട്ടി രണ്ടുതവണ കൂട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക് ഓടിയെങ്കിലും ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമീപത്തേയ്ക്ക് തിരികയെത്തുകയായിരുന്നു. രണ്ടു ദിവസം കൂടി കാത്തിരുന്നിട്ടും കാട്ടാനക്കൂട്ടം കുട്ടിയാനയുടെ അടുത്തെത്തിയില്ലെങ്കില്‍ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Read More: സിഗരറ്റ് വലിക്കുന്ന കാട്ടാനയോ? വീഡിയോയ്ക്ക് പിന്നിലെ സത്യം അറിയാം

Read More: വനം വരളുന്നു: ടാങ്കർ വെളളം കുടിച്ച് കാട്ടാന

Read More:കളിക്കളത്തിൽ കാട്ടാന, ഒറ്റയാന് മുന്നിൽ കാല് വിറച്ച് കളിക്കാർ

Read More: ‘കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ട നിമിഷം’ മാധ്യമ പ്രവർത്തന്റെ അനുഭവം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Elephant child in chinnakkanal town

The moderation of comments is automated and not cleared manually by malayalam.indianexpress.com