ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട് നീക്കം തുടങ്ങി. നാളെ അതിരാവിലെ ദൗത്യം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മയക്കുവെടി വച്ചതിന് ശേഷം ആനയെ മേഘമല വരശ്നാട് താഴ്വരയിലേക്ക് മാറ്റും. മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരായിരിക്കും ദൗത്യത്തിന് നേതൃത്വം നല്‍കുക. പ്രസ്തുത സാഹചര്യത്തില്‍ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കുങ്കിയാനകള്‍ വൈകീട്ടോടെ പൊള്ളാച്ചിയിൽ നിന്ന് തിരിക്കും. ടോപ് സ്റ്റേഷൻ ആന കേന്ദ്രത്തിൽ നിന്ന് മുത്തു, സുയംബൂ എന്നീ കുങ്കിയാനകളാണ് എത്തുക. ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും ആനയെ കാടുകയറ്റാൻ ശ്രമം തുടരുന്നുണ്ട്.
അരിക്കൊമ്പൻ ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ കമ്പം ടൗണിലെ ജനവാസ മേഖലയിൽ എത്തിയത്. അഞ്ച് വാഹനങ്ങള്‍ തകർത്തതായും ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരുക്കേറ്റതായും വിവരമുണ്ട്. രാവിലെ കമ്പം ബൈപ്പാസിനും പ്രധാന റോഡിനും ഇടയിലുള്ള പുളിമരത്തോപ്പിലാണ് ആന നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്നും ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടൗണിലേക്ക് നീങ്ങിയത്.
കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള നടപടികൾ തമിഴ്‌നാട് വനംവകുപ്പ് ഊര്‍ജിതമാക്കി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനയുടെ കഴുത്തിലുള്ള റേഡിയോ കോളറിൽനിന്ന് കാര്യമായ സിഗ്നലുകൾ ലഭിക്കാത്തതാണ് ആന ജനവാസമേഖലയിൽ എത്തിയ വിവരം അറിയാൻ വനപാലകർ വൈകിയത്.
വനം വകുപ്പ് അധികൃതർ ആകാശത്തേക്ക് വെടിവച്ച് ആനയെ തുരത്താൻ ശ്രമിക്കുന്നുണ്ട്. ആന കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണെങ്കിൽ മയക്കുവെടി വയ്ക്കുമെന്നാണ് കരുതുന്നത്.
ചിന്നക്കനാൽ ഭാഗത്തേക്കാണ് അരിക്കൊമ്പൻ നീങ്ങുന്നത്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ചിന്നക്കനാലിൽനിന്നും പിടികൂടിയ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് തുറന്നുവിട്ടത്.
ഇന്നലെയും അരിക്കൊമ്പൻ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയിരുന്നു. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റർ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്. ആകാശത്തേക്കേ് വെടിവച്ച് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനം വകുപ്പ് അറിയിച്ചു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പൻ എത്തിയത് അറിഞ്ഞത്. പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദിന്‍റെ നേതൃത്വത്തിൽ 30 തവണയിലധികം ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് ആന തിരികെ കാട്ടിലേക്ക് പോയത്.
ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. അരിക്കൊതിയനായ കൊമ്പനായതിനാലാണ് നാട്ടുകാര്‍ അരിക്കൊമ്പൻ എന്ന് വിളിക്കുന്നത്. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ നാലു മാസത്തിനിടെ 31 വീടുകളും കടകളും തകര്‍ത്തു. ആനയുടെ ആക്രമണത്തിൽ 30 ഓളം പേര്‍ക്ക് പരുക്കേറ്റതായി വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്.