തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നാളെ മുതല്‍ വര്‍ധിപ്പിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷനായിരിക്കും പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുക. യൂണിറ്റിന് 15 മുതല്‍ 50 പൈസ വരെ കൂടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 18 ശതമാനം വര്‍ധന വേണമെന്നാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധനെയെങ്കിലും വേണമെന്നുമാണ് കെ എസ് ഇ ബിയുടെ നിര്‍ദേശം.
നിരക്ക് വര്‍ധന 92 പൈസയാണെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. 2,582 രൂപയുടെ റവന്യു കമ്മിയുണ്ടാകുമെന്നും കെഎസ്ഇബി പ്രതീക്ഷിക്കുന്നു.
ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 11.88 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ശുപാര്‍ശ. വന്‍കിട വ്യവസായിക ഉപഭോക്തക്കള്‍ക്ക് 11.47 ശതമാനവും കൂട്ടണമെന്നും ആവശ്യമുണ്ട്.
ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയാണ്, ഇത് 3.64 രൂപയാക്കി ഉയര്‍ത്തണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.
വർധനയുടെ തോത് എത്രയാണെന്ന് അറിയില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് ആവശ്യപ്പെട്ടത്. പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വർധനയാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് തെറ്റിദ്ധാരണ മൂലം: മാധവ് ഗാഡ്ഗിൽ