തിരുവനന്തപുരം: കടുത്ത വൈദ്യുതി ക്ഷാമം കേരളത്തെ വലയ്ക്കുന്നു. സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. കാര്യമായ മഴ ലഭിക്കാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല എന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള നേരത്തെ അറിയിച്ചിരുന്നു. വൈദ്യുതി ബോര്‍ഡ് യോഗമാണ് തൽക്കാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്. എന്നാൽ, മഴ ലഭിക്കാത്തത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി.

Read Also: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് വര്‍ധനയില്ല

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.  ബിപിഎല്‍ പട്ടികയില്‍ ഉള്ളവര്‍ക്ക് വര്‍ധനയില്ല. സംസ്ഥാനത്ത് 6.8 ശതമാനം വൈദ്യുതി നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപ വര്‍ധിക്കും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 50 യൂണിറ്റ് മുതലുള്ള ഓരോ യൂണിറ്റിന് 30 പൈസ കൂട്ടിയിട്ടുണ്ട്. പൂജ്യം മുതല്‍ 50 യൂണിറ്റ് വരെയുള്ള വിനിയോഗത്തിന് ഒരു യൂണിറ്റിന് 25 പൈസയാണ് നിരക്ക് വര്‍ധന. റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജനാണ് നിരക്ക് വര്‍ധനയുടെ കാര്യം അറിയിച്ചത്.

വാണിജ്യ വ്യവസായ മേഖലയിലും ചാര്‍ജ് വര്‍ധന ബാധിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 പൈസ വരെയാണ് വര്‍ധന. 902 കോടിയുടെ അധിക വരുമാനമാണ് വൈദ്യുതി നിരക്ക് വര്‍ധനവിലൂടെ സര്‍ക്കാരിന് ലഭിക്കുക. പൂജ്യം മുതല്‍ 50 യൂണിറ്റ് വരെ നിലവില്‍ ഈടാക്കിയിരുന്നത് യൂണിറ്റിന് 2.90 രൂപയാണ്. നിലവിലെ നിരക്ക് വര്‍ധന അനുസരിച്ച് അത് ഇനി 3.15 രൂപയാകും.

Read Also: ‘ഡാം തകര്‍ത്തത് ഞണ്ടുകള്‍’; മന്ത്രിയുടെ വീട്ടിലേക്ക് ഞണ്ടുകളെ എറിഞ്ഞ് എന്‍സിപി പ്രവര്‍ത്തകര്‍

50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 18 രൂപയുടെയും 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 35 രൂപയുടെയും 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 42 രൂപയുടെയും വർധനവുണ്ടാകും. 125 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ നിലവിലെ നിരക്കിൽ നിന്നും 60 രൂപ അധികം നൽകേണ്ടി വരും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 67 രൂപയുടെയും 175 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 90 രൂപയുടെയും വർധനവുണ്ടാകും. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ ഇനി 97 രൂപ അധികം നൽകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.