തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്നു മുതൽ വൈദ്യുതി നിരക്കുകൾ കൂടിയേക്കും. സ്ലാബ് അടിസ്ഥാനമാക്കി നിരക്ക് വർധിപ്പിക്കണമെന്ന് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു. ഈ വർഷം 41 പൈസയുടെ വർധനവ് വേണമെന്നാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോഗം 200 യൂണിറ്റിൽ കൂടിയാൽ കൂടിയ നിരക്ക് ഈടാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ശരാശരി 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്നാണ് നിർദേശം. നിലവിൽ 40 യൂണിറ്റിന് 1.50 പൈസയാണ് ഈടാക്കുന്നത്. ഈ നിരക്കിൽ ഈ വർഷം വർധനവ് വേണ്ടെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 51 മുതൽ-100 യൂണിറ്റിന് നിലവിൽ 3.95 രൂപയാണ്. ഈ വർഷം ഇത് 4.10 രൂപയാക്കണം. 101 മുതൽ 150 യൂണിറ്റിന് നിലവിൽ 5 രൂപ എന്നത് ഈ വർഷം 5.20 രൂപയാക്കണം.
നിലവിൽ 201മുതൽ 250 യൂണിറ്റിന് 8 രൂപയാണ്. അതായത് 201 നു മുകളിലുള്ള യൂണിറ്റിന് 8 രൂപ വീതം നൽകിയാൽ മതിയാകും. എന്നാൽ, ഈ വർഷം യൂണിറ്റ് ഒന്ന് മുതൽ 6.50 രൂപയാക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം. സാധാരണക്കാർക്ക് ഏറെ തിരിച്ചടിയാകുന്നതാണിത്.
ഏപ്രിൽ ഒന്നിന് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, നപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ പഴയ താരിഫ് ജൂണ്‍ 30 വരെ റഗുലേറ്ററി കമ്മിഷന്‍ നീട്ടുകയായിരുന്നു. ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ നിലവിൽ വരത്തക്ക വിധമാണ് നടപടിക്രമങ്ങൾ. നാലു വർഷത്തേക്ക് 2381 കോടിരൂപയുടെ അധിക വരുമാനമാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.
വൈദ്യുതി നിരക്ക് യൂണിറ്റിന് ഈ വർഷം ശരാശരി 41 പൈസയും അടുത്ത വർഷം 31 പൈസയും 2025-26 ൽ 17 പൈസയും 2026-27 ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം. അതേസമയം, നിരക്ക് വർധനയുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗാര്‍ഹിക ഉപഭോക്താക്കളുടെ സംഘടനയായ ഡിഇസിഎ മാധ്യമങ്ങളോട് പറഞ്ഞു.